മലപ്പുറം: ജാതിയുടെയും മതത്തിന്‍റെയും അതിർവരമ്പുകൾ ഭേദിച്ച് ക്ഷേത്രമുറ്റത്ത് ഇഫ്താർ സംഗമം നടത്തി ലോകത്തിന് തന്നെ മാതൃകയാകുകയാണ് വളാഞ്ചേരി പുന്നത്തല നിവാസികള്‍. പുന്നത്തല ശ്രീ ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്ര മുറ്റത്താണ് പതിവ് തെറ്റാതെ ഇഫ്താർ സംഗമം നടത്തിയത്. 2016 മുതല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി നാട്ടിലെ നാനാജാതിമതസ്ഥരെയും ക്ഷേത്രാങ്കണത്തിൽ ഒരുമിച്ചിരുത്തി ഇഫ്താർ സംഗമം നടത്തുന്നുണ്ട്.
ഇത്തവണയും പതിവിന് മാറ്റമുണ്ടായില്ല. വൈകിട്ട് ആറരയോടെ ക്ഷേത്ര നട തുറന്നതിന് ശേഷം പുന്നത്തല ജുമാ മസ്ജിദിൽ നിന്ന് മഗ്‌രിബ് ബാങ്ക് വിളിച്ചതോടെ വിശ്വാസികൾ കാരക്ക കഴിച്ചു നോമ്പ് തുറന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷേത്ര പുനരുദ്ധാരണം തീരുമാനിച്ചപ്പോൾ പ്രദേശത്തെ മുസ്ലിം കുടുംബങ്ങൾ സാമ്പത്തിക സഹായമടക്കം എല്ലാ സഹകരണവും പിന്തുണയും നൽകി. അത്തവണത്തെ പുനപ്രതിഷ്ഠാ ദിനം റമദാനിൽ ആയതിനാൽ അന്നേ ദിവസം ക്ഷേത്രക്കമ്മിറ്റി ഇഫ്താർ നടത്തി. അതിപ്പോഴും തുടരുകയാണ്. 600 ഓളം പേരാണ് ഇത്തവണ ഇഫ്താർ സംഗമത്തില്‍ പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ടിപി മോഹനൻ സ്വാഗതസംഘം ചെയർമാൻ മമ്മു മാസ്റ്റർ, വാർഡ് അംഗം കെപി അബ്ദുൽ കരീം എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകിയത്.