ദുബായ്: ഇന്ത്യന്‍ അമ്പയര്‍ നിതിന്‍ മേനോന്‍ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക്. വാര്‍ഷിക അവലോകന യോഗത്തിന് ശേഷം വാര്‍ത്താ കുറിപ്പിലൂടെയാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്. 2020-21 സീസണിലേക്കാണ് തെരഞ്ഞെടുപ്പ്. 11 പേര്‍ ഉള്‍ക്കൊള്ളുന്ന നിലവിലെ എലൈറ്റ് പാനലില്‍ അംഗമായ ഏക ഇന്ത്യക്കാരന്‍ കൂടിയാണ് 36 വയുസള്ള നിതിന്‍. ഇന്ത്യയില്‍ നിന്നും എലൈറ്റ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ അമ്പയറാണ് അദ്ദേഹം. നേരത്തെ വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവര്‍ ഇന്ത്യയില്‍ നിന്നും എലൈറ്റ് പാനലില്‍ ഇടം പിടിച്ചിരുന്നു.
എലൈറ്റ് പാനലില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി നിതിന്‍ മേനോന്‍ പറഞ്ഞു. ലോകോത്തര അമ്പയര്‍മാര്‍ക്കൊപ്പം മത്സരം നിയന്ത്രിക്കുന്നത് താന്‍ പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്. ഇതിനകം രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളതിനാല്‍ ചുമതലകളെ കുറിച്ച് ബോധ്യമുണ്ട്. വലിയ ഉത്തരവാദിത്വമാണ്. വരാനിരിക്കുന്ന വെല്ലുവിളികളെ ഏറ്റെടുക്കുന്നു. ഓരോ അവസരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന് വേണ്ടി കളിച്ച പരിചയവും നിതിന്‍ മേനോനുണ്ട്. 2017 ജനുവരിയില്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടി20 മത്സരം നിയന്ത്രിച്ചാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിലെ അമ്പയറിങ് രംഗത്തേക്ക് കടന്നുവരുന്നത്. ഇതിനകം മൂന്ന് ടെസ്റ്റ് മത്സരങ്ങളും 24 ഏകദിനങ്ങളും 16 ടി20കളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.