തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനവുമായെത്തുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെല്‍ട്രോണിന്‍റെ പുതിയ സംരംഭത്തെ പരിചയപ്പെടുത്തിയത്.
വാഹനങ്ങളുടെ ലൊക്കേഷന്‍, വേഗത, ഇന്ധന അളവ് എന്നിവ നിര്‍ണയിക്കുക, അപകടവിവരങ്ങള്‍ മനസിലാക്കുക, ജാഗ്രതാ നിര്‍ദേശം നല്‍കുക, എസ്എംഎസ് മുന്നറിയിപ്പ് തുടങ്ങിയവ ജിപിഎസ് വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനത്തിലൂടെ സാധ്യമാകും. വാഹനങ്ങളിലെ ട്രാക്കിങ് സംവിധാനങ്ങളുടെ ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണിഡാഡ് ടെക്നോ ലാബ്സുമായി സഹകരിച്ചാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എഐഎസ്140 വെഹിക്കള്‍ ട്രാക്കിംഗ് മൊഡ്യൂള്‍ കണ്‍ട്രോള്‍ വിദ്യ കെല്‍ട്രോണ്‍ നിര്‍മിക്കുന്നത്. വൈവിധ്യവല്‍ക്കരണത്തിലൂടെ തിരിച്ചുവരവിന്‍റെ പാതയിലുള്ള കെല്‍ട്രോണിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുപോകുകയല്ല, അതിലും ഉയരെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.