ഇടുക്കി: തെരഞ്ഞെടുപ്പ് ചൂടിൽ ജില്ലയിലേക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് മദ്യവും, മയക്കുമരുന്നും, കള്ളപ്പണവും ഒഴുകുവാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. എന്നാൽ ഇതിന് ശക്തമായ പ്രതിരോധവുമായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി കർശന പരിശോധനയാണ് നടത്തുന്നത്. പ്രധാന അതിർത്തി ചെക്ക്പോസ്റ്റായ കമ്പംമേട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കർശന പരിശോധനയാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് കൂടുതൽ കൊഴുപ്പിക്കാൻ മദ്യവും, കള്ളപ്പണവും ജില്ലയിലേക്ക് ഒഴുകുന്നത് മുൻവർഷങ്ങളിൽ പതിവായിരുന്നു. അത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് അനധികൃത ഒഴുക്കുകൾ തടയാൻ അതിർത്തികളിൽ പരിശോധന കർശനമാക്കണം എന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത് .
എക്സൈസ്, റവന്യു ,വനം വകുപ്പുകളും, പൊലീസ്, നാർക്കോട്ടിക് സെൽ, വാണിജ്യ നികുതിവകുപ്പ് എന്നിവരുമാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്. ചില ദിവസങ്ങളിൽ ഇവർ സംയുക്തമായി വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിൽ ഒന്നായ കമ്പംമേട്ടിൽ കട്ടപ്പന ഡിവൈഎസ്പി നേതൃത്വത്തിൽ കട്ടപ്പന ,നെടുങ്കണ്ടം, വണ്ടൻമേട്, കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക പരിശോധന നടത്തുന്നുണ്ട് .പരിശോധനകൾ ഒഴിവാക്കുവാൻ സംഘങ്ങൾ വനപാതകൾ തിരഞ്ഞെടുക്കുവാൻ സാധ്യതയുള്ളതിനാൽ അതിർത്തി ഗ്രാമങ്ങളും നിരീക്ഷണത്തിലാണ്.