ന്യൂഡല്‍ഹി: ദീപക് തല്‍വാറിന്‍റെ മകന്‍ ആദിത്യ തല്‍വാറിനെതിരെയുള്ള കള്ളപണ ഇടപാടുകേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. കേസില്‍ ആദിത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ചന്ദ്രശേഖറാണ് ഇ ഡി യുടെ മറുപടി തേടിയിരിക്കുന്നത്. ഇ ഡി ഉപദേഷ്ടാക്കാളായ ഡി പി സിംഗും അമിത് മഹാജനും ആദിത്യ സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു ആദിത്യ തല്‍വാറിനു വേണ്ടി ഹാജരായത്.
സ്വകാര്യ വിദേശകമ്പനികള്‍ക്കു വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നത് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഇ ഡി കോടതിയില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു മൂലം വന്‍ സാമ്പത്തിക നഷ്ടമായിരുന്നു ഇന്ത്യന്‍ വിമാനകമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടി വന്നത്.