ജയ്പൂര്‍: രാജസ്ഥാനിൽ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശത്തിന് വിപരീതമായി കോൺഗ്രസിന് വോട്ട് ചെയ്തതിനാണ് എംഎൽഎയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ ബൽവാൻ പൂനിയക്കെതിരെയാണ് പാർട്ടി നടപടി. എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎ കാണിച്ച പ്രവര്‍ത്തിക്കെതരിരെ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മസ്ദൂർ കിസാൻ ഭവനിൽ യോഗം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് പൂനിയക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി എംഎൽഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാൻ നിയമസഭയിൽ സിപിഎമ്മിന് രണ്ട് എംഎൽഎമാരാണുള്ളത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കോൺഗ്രസിന് സ്വന്തമായി എംഎൽഎമാരുണ്ടെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു പാർട്ടി തീരുമാനം. എന്നാൽ പൂനിയ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. മറ്റൊരു എംഎൽഎ ഗിർധരിലാൽ അനാരോഗ്യം കാണിച്ച് വോട്ട് ചെയ്തില്ല. വിഷയത്തില്‍ പാര്‍ട്ടിക്ക് മറുപടി നല്‍കുമെന്ന് എംഎല്‍എ ബല്‍വാന്‍ പൂനിയ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളും ബിജെപി ഒരു സീറ്റും നേടി. അട്ടിമറിയുണ്ടാകാതിരിക്കാന്‍ ഇരു പാര്‍ട്ടികളിലെയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. 200 എംഎല്‍എമാരില്‍ 198 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 198ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് 123 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് 74 വോട്ടുകളും ലഭിച്ചു. ബിജെപിയുടെ ഒരു വോട്ട് തള്ളി.
107 എംഎൽഎമാരുള്ള കോൺഗ്രസിന് 13 സ്വതന്ത്രരുടെയും സിപിഐഎം എംഎൽഎയുടെയും മറ്റ് പാർട്ടി നിയമസഭാംഗങ്ങളുടെയും പിന്തുണ ലഭിച്ചു. ബിജെപിക്ക് 72 എംഎൽഎമാരുടെയും മൂന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എംഎൽഎമാരുടെയും പിന്തുണ ലഭിച്ചു.