ലണ്ടന്‍: വിരാട് കോലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ജാവേദ് മിയാന്‍ദാദുമായും ഇന്‍സമാം ഉള്‍ ഹഖുമായും താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഇഷ്‌ടമെന്നും ബാബര്‍ പറഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനാണ് ബാബര്‍. ഇന്ത്യന്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്നതിനേക്കാള്‍ തനിക്കിഷ്‌ടം പാകിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം താരതമ്യം ചെയ്യുന്നതാണെന്നും ബാബര്‍ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാവി നായകന്‍ എന്ന നിലയിലിലാണ് ബാബറിനെ പിസിബി കാണുന്നത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 50തിന് മുകളിലാണ് ബാബറിന്‍റെ ബാറ്റിങ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റില്‍ 45ന് മുകളിലും. അതേസമയം എല്ലാ ഫോര്‍മാറ്റിലും 50തിന് മുകളിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി.
നിലവില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാണ് ബാബര്‍ അസം. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ട്രിപ്പില്‍ സെഞ്ച്വറി അടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാബര്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂലായ് 30ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും പാക് ടീം പര്യടനത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ടില്‍ കളിക്കും.