അമരാവതി: റോഡ് നിര്‍മിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് രജ്‌പത് ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ്. മഹാരാഷ്ട്രയിലെ അകോല മുതല്‍ അമരാവതി വരെയുള്ള 75 കിലോമീറ്റര്‍ റോഡാണ് 110 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി റോഡിന്‍റെ നിര്‍മാണ പ്രവൃത്തി കമ്പനി ആരംഭിച്ച് കഴിഞ്ഞു.
വെള്ളിയാഴ്ച (ഇന്ന്) രാവിലെ 7 മണിക്ക് ആരംഭിച്ച നിര്‍മാണം ചൊവ്വാഴ്ച (07.05.2022) വൈകിട്ട് 7 മണിക്ക് അവസാനിക്കും. നിര്‍മാണം അവസാനിക്കുന്ന സമയത്ത് പരിശോധന നടത്താനായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിന്‍റെ വിദേശ സംഘം മഹാരാഷ്ട്രയില്‍ എത്തും.
പത്ത് വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. സര്‍ക്കാര്‍ റോഡ് നിര്‍മാണം മൂന്ന് കമ്പനികളെ ഏല്‍പ്പിച്ചെങ്കിലും വൈകി. ഇത് ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും മോശം റോഡെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
ഇതോടെ നാഷണല്‍ ഹൈവേ അതോറിറ്റ് വിഷയത്തില്‍ ഇടപെടുകയും നിര്‍മാണം ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിനെ ഏല്‍പ്പിക്കുകയും ആയിരുന്നു. നിതിന്‍ ഗഡ്‌കരിയുടെ നിര്‍ദേശപ്രകാരം ആയിരുന്നു തീരുമാനം. കമ്പനി റെക്കോഡ് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാറിനെ അറിയിച്ചു. ഇതിനായി 800 പേര്‍ ഉള്‍പ്പെട്ട സംഘത്തെ കമ്പനി നിയോഗിച്ചു. ഇതില്‍ പ്രോജക്ട് മാനേജർ, ഹൈവേ എൻജിനീയർ, ക്വാളിറ്റി എൻജിനീയർ, സർവേയർ, സേഫ്റ്റി എൻജിനീയർ എന്നിവരും ഉള്‍പെടും.
പ്രദേശത്ത് പ്രവൃത്തി ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പും കമ്പനി തുറന്നു. 4 ഹോട്ട് മിക്‌സറുകൾ, 4 ബിൽഡറുകൾ, 1 മൊബൈൽ ഫീഡർ, എഡെമ റോളർ തുടങ്ങിയ നിരവധി അത്യാധുനിക ഉപകരണങ്ങളും കമ്പനി എത്തിച്ചിട്ടുണ്ട്. മികച്ച ഗുണനിലവാരത്തിലുള്ള നിര്‍മാണമാണ് നടത്തുന്നതെന്ന് കമ്പനി എംഡി ജഗദീഷ് കദം പറഞ്ഞു.
നേരത്തെ ഖത്തറില്‍ 22 കിലോ മീറ്റര്‍ റോഡ് കമ്പനി നിര്‍മിച്ച് കമ്പനി റെക്കോഡ് ഇട്ടിരുന്നു. എന്നാല്‍ ഈ റെക്കോഡ് മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രവര്‍ത്തിക്കള്‍ നിരീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ടീമിലെ ഇന്ത്യൻ പ്രതിനിധികളും അമരാവതിയിൽ എത്തിയിട്ടുണ്ട്.