ബെംഗളുരു: പൊലീസ് ഇൻസ്‌പെക്‌ടർക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് 39കാരി. ഹെന്നൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ വസന്ത് കുമാറിനെതിരെയാണ് യുവതി ബെംഗളുരു പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ജനുവരി 13ന് വാടകക്കാരനും കുടുംബാംഗങ്ങളും ചേർന്ന് ആക്രമിച്ചതിനെതിരെ പരാതിപ്പെടാൻ പോയതായിരുന്നു യുവതി. യുവതിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ഇൻസ്‌പെക്‌ടർ തയാറായില്ല. പിന്നീട് ഇൻസ്‌പെക്‌ടർ യുവതിയെ ചേംബറിലേക്ക് വിളിച്ചുവരുത്തി 5 ലക്ഷം രൂപ കൈക്കൂലി നൽകാനോ ലൈംഗിക ബന്ധത്തിന് വഴങ്ങാനോ നിർബന്ധിച്ചു.
തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ യുവതിയെ സഹായിക്കാമെന്ന് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും യുവതി പറയുന്നു. എന്നാൽ വസന്ത് കുമാറിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. യുവതിക്കെതിരെ വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് വളരെ ബുദ്ധിമുട്ടി ജാമ്യം നേടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ജാമ്യം ലഭിച്ച ശേഷം ഇൻസ്‌പെക്‌ടർ യുവതിയെ ചേംബറിൽ കൊണ്ടുപോയി ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ തന്‍റെ കൈയിൽ കയറി പിടിക്കുകയും എന്ത് വില കൊടുത്തും സ്വന്തമാക്കുമെന്ന് ഇൻസ്‌പെക്‌ടർ പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു.