ഹെെദരാബാദ്: വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റിന്‍റെ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമ റാവു. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി വിശാഖപട്ടണത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ” വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റ് സ്വകാര്യ വല്‍കരിക്കുന്നതിനെതിരെ നൂറു കണക്കിന് തൊഴിലാളികള്‍ ഇന്ന് തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ അനുമതിയോടെ ഞങ്ങൾ വിശാഖപട്ടണത്തേക്ക് പോകാൻ തയ്യാറാണ് ”കെടിആർ പറഞ്ഞു.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം വിമര്‍ശിച്ചു. ” ഇന്ന് വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റ് വിൽക്കുന്നു, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) നാളെ വിൽക്കും, പിന്നീട് സിംഗരേനിയും വിൽക്കും. സംസ്ഥാന സർക്കാരിനെ സ്വകാര്യവല്‍കരിക്കാൻ പോലും കേന്ദ്രം മടിക്കില്ല” അദ്ദേഹം പറഞ്ഞു.