മുസാഫർനഗർ: ഉത്തര്‍പ്രദേശില്‍ ഒന്‍പതുകാരിയെ പെട്ടിയില്‍ പൂട്ടിയിട്ടതിന് രണ്ടാനമ്മയ്‌ക്കെതിരെ കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307-ാം വകുപ്പ് (കൊലപാതകശ്രമം) പ്രകാരം മുസാഫര്‍നഗര്‍ സ്വദേശി ശിൽപിയ്‌ക്കെതിരെയാണ് കേസ്. ഗർഭിണിയാണെന്നത് കണക്കിലെടുത്ത് സ്‌ത്രീയെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുസാഫര്‍നഗര്‍ സ്വദേശി സോനു ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടി രാധികയെ തിങ്കളാഴ്‌ച വൈകുന്നേരമാണ് കാണാതായത്. വിവരം ലഭിച്ച പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പെട്ടിയ്ക്കുള്ളിൽ അബോധാവസ്ഥയിൽ ഒന്‍പത് വയസുകാരിയെ കണ്ടെത്തിയത്. രണ്ടാനമ്മ തന്നെ പെട്ടിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് സോനു ശര്‍മ ശിൽപിയെ വിവാഹം ചെയ്‌തത്. തുടര്‍ന്ന്, ഇവർക്കൊപ്പമാണ് രാധിക കഴിഞ്ഞിരുന്നതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു.