മോത്തിഹാരി : ബിഹാറിലെ മോത്തിഹാരിയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രണ്ട് പ്രവർത്തകർ പിടിയിൽ. ഷാഹിദ് റാസ, മുഹമ്മദ് കൈഫ് എന്ന ഫൈസൽ അലി എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ജില്ല പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മോത്തിഹാരിയിലെ ഓഫീസേഴ്‌സ് കോളനിയിൽ നിന്ന് ഇവരെ പിടികൂടുന്നത്.
കഴിഞ്ഞ മാസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ യാക്കൂബ് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റളും സംഘം പിടിച്ചെടുത്തു. ഇവരെ ചക്കിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്‌ത് വരികയാണ്. എസ്‌പി കാന്തേഷ് മിശ്രയാണ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചത്.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റ് പ്രദേശങ്ങളിലും സംഘം റെയ്‌ഡ് നടത്തി വരികയാണ്. പിഎഫ്‌ഐയുടെ രണ്ട് സജീവ അംഗങ്ങൾ ചക്കിയയിലുണ്ടെന്ന് എൻഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് എൻഐഎയുടെ രണ്ടംഗ സംഘം തെരച്ചിലിനായി മോത്തിഹാരിയിലെത്തി എസ്‌പി കാന്തേഷ് കുമാർ മിശ്രയെ ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ചക്കിയ പൊലീസിന്‍റെ സഹകരണത്തോടെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓഫീസേഴ്‌സ് കോളനിയിൽ റെയ്‌ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഷാഹിദ് റാസയേയും, മുഹമ്മദ് കൈഫിനേയും അറസ്റ്റ് ചെയ്യുന്നത്. ഷാഹിദിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. നേരത്തെ ജൂലൈ 19നാണ് എടിഐ സംഘം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖ്യ സൂത്രധാരനായ യാക്കൂബിനെ പിടികൂടുന്നത്.
മോത്തിഹാരി പൊലീസിന്‍റെ സഹായത്തോടെ ചക്കിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗവന്ദ്ര ഗ്രാമത്തിലെ മദ്രസയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് മറ്റ് പ്രവർത്തകരെക്കുറിച്ചുള്ള വിവരം അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
കേരളത്തിലും റെയ്‌ഡ് : ഇക്കഴിഞ്ഞ മെയ് 31ന് പിഎഫ്‌ഐ ബന്ധം സംശയിച്ച് കേരളത്തിലും, ബിഹാറിലും, കർണാടകയിലും എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. കേരളത്തിൽ കാസർകോട്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്‌ദുൽ മുനിറിന്‍റെ വീട്ടിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്.
പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടുകളെക്കുറിച്ചും എൻഐഎ അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ എൻഐഎ സംഘത്തെക്കൂടാതെ ഡൽഹിയിലെ എൻഐഎ സംഘവും പരിശോധനകൾക്കായി എത്തിയിരുന്നു. കേരള പൊലീസും സുരക്ഷയ്‌ക്കായി ഒപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാനിലും എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. രാജസ്ഥാനിലെ ഏഴിടങ്ങളിലായാണ് റെയ്‌ഡ് നടത്തിയത്. സവായ് മധോപൂർ, ഭിൽവാര, ബുന്ദി, ജയ്‌പൂർ ജില്ലകളിലും കോട്ടയിലെ മൂന്ന് ഇടങ്ങളിലുമായായിരുന്നു പരിശോധന. പിഎഫ്ഐയുടെ ഭാഗമായിരുന്നവര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.