ന്യൂഡൽഹി: ജയിൽ അധികൃതർ നടത്തിയ മൊബൈൽ ഫോൺ പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് തടവുകാരൻ വിഴുങ്ങിയ മൊബൈൽ ഫോൺ വയറ്റിൽ കുടുങ്ങി. തിഹാർ സെൻട്രൽ ജയിൽ സമുച്ചയത്തിലെ ഒന്നാം നമ്പർ ജയിലിൽ മൊബൈൽ ഫോൺ അടക്കമുള്ള നിരോധിത വസ്‌തുക്കൾ ജയിലിനുള്ളിലേക്ക് കടത്തുന്നുണ്ടോ എന്നറിയാൻ അധികൃതർ നടത്തിയ പരിശോധനയ്ക്കിടെയാണ് തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങിയത്.
മൊബൈൽ ഫോൺ വയറ്റിൽ കുടുങ്ങിയതിനെ തുടർന്ന് ആരോഗ്യനില വഷളായ തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് വയറ്റിൽ മൊബൈൽ ഫോൺ ഉള്ള വിവരം ജയിൽ അധികൃതർ അറിയുന്നത്.
തടവുകാരനെ ആദ്യം ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ പുറത്തുവന്നിട്ടില്ല. നിലവിൽ തടവുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും മൊബൈൽ ഫോൺ തനിയെ പുറത്തുവന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്നും ജയിൽ ഡയറക്‌ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു.
Also Read: എയര്‍ ഇന്ത്യ ഓഹരി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ബി.ജെ.പി എം.പിയുടെ ഹര്‍ജി കോടതി തള്ളി