ലോകേശ്വരം (തെലങ്കാന): ഒരേ പേര്...ഒരേ സ്‌കൂളില്‍ പഠിച്ചു...ജോലിയും ഒരിടത്ത്. തെലങ്കാനയിലെ നിര്‍മല്‍ സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ മൂവർ സംഘമാണ് ഇപ്പോള്‍ നാട്ടിലെ താരങ്ങള്‍. നിര്‍മല്‍ ജില്ലയിലെ ലോകേശ്വരത്ത് നിന്നുള്ള എം മോണിക, എസ് മോണിക, കെ മോണിക എന്നിവർക്കാണ് ഒരിടത്ത് തന്നെ ജോലി ലഭിച്ചത്.
മൂവരും പത്താം ക്ലാസ് വരെ പഠിച്ചത് ശാരദ വിദ്യാമന്ദിര്‍ സ്‌കൂളിലാണ്. തുടര്‍ വിദ്യാഭ്യാസം മൂന്നിടത്തായിരുന്നെങ്കിലും അഗ്രിക്കള്‍ച്ചർ ഡിപ്ലോമയാണ് മൂവരും ഉപരി പഠനത്തിനായി തെരഞ്ഞെടുത്തത്. രുദ്രൂരിലെ സി-ടെക്‌നോളജി പോളിടെക്‌നിക്ക് കോളജിലാണ് എം മോണിക പഠിച്ചത്.
മേഡക്കിലെ ഡിപ്ലോമ അഗ്രിക്കള്‍ച്ചറല്‍ കോളജില്‍ നിന്ന് എസ് മോണികയും മേഡക്കിലെ തന്നെ ഡോ. രാമനായിഡു അഗ്രിക്കള്‍ച്ചറല്‍ ഡിപ്ലോമ കോളജില്‍ നിന്ന് കെ മോണികയും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനത്തിന് ശേഷം തെലങ്കാന സര്‍ക്കാരിന്‍റെ കൃഷി വകുപ്പിലേക്ക് നടന്ന പരീക്ഷയ്ക്ക് മൂവരും അപേക്ഷിക്കുകയും വിജയിക്കുകയും ചെയ്‌തു.
ലോകേശ്വരത്തെ ഗഡ്‌ചന്ദ ക്ലസ്‌റ്ററില്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായി മൂവര്‍ക്കും ജോലി ലഭിച്ചു. അതും ഒരേ ഓഫിസില്‍ തന്നെ. മൂവരുടേയും പേരും ഒന്നായതിനാല്‍ ഓഫിസിലെത്തുന്നവര്‍ക്ക് തെറ്റിപോകാറുണ്ടെന്ന് ഇവര്‍ പറയുന്നു. ജോലി ലഭിച്ചതിന് ശേഷം മൂവരും ഒരുമിച്ച് പഠിച്ച സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.
Also read: 'നഗുമോ റിവൈവൽ, ഐഡിയ വിനീതേട്ടൻ്റേത്'; മനസ് തുറന്ന് അരവിന്ദ് വേണുഗോപാൽ