ശ്രീനഗര്‍: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് മൂന്ന് വർഷം. 2019ൽ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുകയും തുടർന്ന് അത് റദ്ദാക്കുകയും ചെയ്‌തു. പാർലമെന്‍റിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് അംഗീകരിച്ചു.
ആര്‍ട്ടിക്കിള്‍ 370: ആർട്ടിക്കിൾ 370 പ്രകാരമാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. ആര്‍ട്ടിക്കിള്‍ നിലനിന്ന സമയത്ത് ജമ്മു കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേകതകള്‍ താഴെ.
- 1949 ഒക്ടോബർ 17നാണ് ആർട്ടിക്കിൾ 370 നിലവിൽ വരുന്നത്
- ആർട്ടിക്കിൾ 370 പ്രകാരം പ്രതിരോധം, ധനകാര്യം, വിദേശനയം, വാർത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെ കേന്ദ്രം പുറപ്പെടുവിക്കുന്ന നിയമങ്ങൾ ജമ്മുകശ്മീരിന് ബാധകമല്ല.
- കേന്ദ്രത്തിൻെറ അനുവാദമില്ലാതെ തന്നെ കശ്മീരിന് സ്വന്തമായി നിയമം നിർമിച്ച് സംസ്ഥാനത്തിനകത്ത് നടപ്പിലാക്കാം
- സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യൻ അതിർത്തിക്കകത്തുള്ള ഏക സംസ്ഥാനമാണ് ജമ്മുകശ്മീർ.
- കശ്മീരിന് പുറത്തുള്ള ആർക്കും സംസ്ഥാനത്തിനകത്ത് ഭൂമി വാങ്ങാൻ അനുവാദമില്ല.
- പ്രതിരോധം, ധനകാര്യം, വിദേശനയം, വാർത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം ആവശ്യമാണ്.
35 എ വകുപ്പ്: ജമ്മുകശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. ഭരണഘടനയിലെ താൽകാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.
വകുപ്പുകള്‍ റദ്ദാക്കിയപ്പോള്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്‌മീർ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്‌മീർ, ലഡാക്ക് എന്നിങ്ങനെയാണ് വിഭജിക്കപ്പെട്ടത്. 2019 ഓഗസ്റ്റ് 5ന് താഴ്‌വരയിലെ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളെ ജയിലിലടക്കുകയും കശ്‌മീരിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്‌തു. ഇതുകൂടാതെ കശ്‌മീരിൽ വൻതോതിൽ സുരക്ഷ സേനയെ വിന്യസിക്കുകയും ഇന്‍റർനെറ്റ് ഉൾപ്പെടെയുള്ള ഫോൺ സേവനങ്ങൾ മാസങ്ങളോളം നിർത്തി വയ്ക്കുകയും ചെയ്‌തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടൊപ്പം ജമ്മു കശ്‌മീരിന്‍റെ ഭരണഘടന റദ്ദാക്കുകയും ജമ്മു കശ്‌മീർ പുനഃസംഘടന നിയമം നടപ്പാക്കുകയും ചെയ്‌തു. അതിന്‍റെ കീഴിലാണ് ആഭ്യന്തര മന്ത്രാലയം ജമ്മു കശ്‌മീർ ഭരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്, ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമായി ഇത് കണക്കാക്കുമെന്നും കശ്‌മീരി ജനതയെ അധികാര ഭ്രഷ്‌ടനാക്കിയ ദിനമായി ഓർമിക്കുമെന്നും പീപ്പിൾസ് കോൺഫറൻസ് പറഞ്ഞു.
എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിലെ സുരക്ഷ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കല്ലേറും ക്രമസമാധാന തകർച്ചയും കുറഞ്ഞു. വിഘടനവാദത്തെ അടിച്ചമർത്തുന്നതിലൂടെ തീവ്രവാദവും തടയാൻ കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാരും പ്രാദേശിക ഭരണകൂടവും അവകാശപ്പെട്ടു.