കേശവഗിരി: കിടക്കാൻ പഴയ മെത്ത നൽകിയെന്ന് ആരോപണം, വരൻ നിക്കാഹിന് എത്തിയില്ല. ഞായറാഴ്ച ഹൈദരാബാദ് ബന്ദ്‌ളഗുഡയിലാണ് സംഭവം. സ്‌കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മൗലാലിയിലെ മുഹമ്മദ് സക്കറിയയും (26) ബന്ദ്‌ളഗുഡ റഹ്മത്ത് കോളനിയിലെ യുവതിയുമായി (22) വിവാഹനിശ്ചയം നടത്തിയിരുന്നു. ഈ മാസം 13ന് ബന്ദ്‌ളഗുഡയിലെ പ്രാദേശിക പള്ളിയിൽ വച്ചാണ് നിക്കാഹ് നടത്താനിരുന്നത്.
പരമ്പരാഗത ആചാര പ്രകാരം ശനിയാഴ്ച വൈകുന്നേരം വരന്‍റെ വീട്ടിലേക്ക് കിടക്കയും മറ്റ് വീട്ടുപകരണങ്ങളും വധുവിന്‍റെ പിതാവ് അയച്ചുകൊടുത്തിരുന്നു. എന്നാൽ കട്ടിലിൽ കിടക്ക വിരിച്ചതോടെ മെത്തയിൽ നിന്നും പൊടി വീഴുകയും പഴയ കിടക്കയിൽ ചായം പൂശിയതാണെന്നു ആരോപിച്ച് മുഹമ്മദ് സക്കറിയ സാധനങ്ങളെത്തിച്ചു നൽകിയ ഭാര്യാസഹോദരന്മാരോട് കയർത്തിരുന്നു.
നിക്കാഹ് സമയം ആയിട്ടും വരൻ എത്താത്തതിനാൽ വധുവിന്‍റെ പിതാവ് വരന്‍റെ വീട്ടിലെത്തി കാരണമന്വേഷിക്കുകയായിരുന്നു. എന്തിനാണ് പഴയ കിടക്ക തന്നതെന്നും, കിടക്ക പഴയതായതിനാൽ നിക്കാഹിന് വരില്ലെന്നും സക്കറിയ അറിയിച്ചു. ഇയാളുടെ മാതാവ് റഹ്മത്തുന്നിസ ബീഗവും വധുവിന്‍റെ പിതാവുമായി കയർത്തിരുന്നു. ഒടുക്കം വധുവിന്‍റെ പിതാവ് ചാന്ദ്രയാനഗുട്ട എസ്‌ഐ ജി ശേഖറിന് പരാതി നൽകുകയായിരുന്നു. സക്കറിയക്കൊപ്പം റഹ്മത്തുന്നിസ ബീഗത്തിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പിന്നീട് സ്ഥലം സർക്കിൾ ഇന്‍സ്‌പെക്‌ടറെ വിളിച്ച് വിവാഹത്തിന് തയ്യാറാണെന്ന് വരൻ അറിയിച്ചെങ്കിലും വധുവിന്‍റെ പിതാവ് വിസമ്മതിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.