അമരാവതി: ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് തടയാൻ ശ്രമിച്ച പാർട്ടി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെന്ന ആരോപണവുമായി ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു. ജനാധിപത്യം സംരക്ഷിക്കേണ്ട പൊലീസ് ടിഡിപി നേതാക്കളെ അറസ്റ്റ് ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ടിഡിപിയുടെ 47-ാം ഡിവിഷൻ പ്രസിഡൻ്റ് വെങ്കടേശ്വർലുവിനെയും അമ്പതാം ഡിവിഷൻ പ്രസിഡൻ്റ് വെങ്കട രത്‌നത്തെയും തിരുപ്പതിയിൽ നിന്ന് പൊലീസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തു. ഇവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വ്യാജ വോട്ട് ആരോപണം ഉയർന്നതോടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആന്ധ്രപ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫിസർ കെ വിജയാനന്ദ് അറിയിച്ചിരുന്നു. വ്യാജ വോട്ടുകൾ നടക്കുന്നുവെന്ന് തെലുങ്ക് വാർത്താചാനലുകൾ സംപ്രേഷണം ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്‌ടർമാർ, പൊലീസ് സൂപ്രണ്ട്, റിട്ടേണിംഗ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയതായും സമാധാനപരമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. വ്യാജ വോട്ടർമാർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.