ചെന്നൈ: കൊവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി സിറ്റി കോർപ്പറേഷന്‍റെ അഞ്ച് സോണുകളിൽ ഉപയോഗിക്കുന്നതിനായി 50 കാർ ആംബുലൻസുകൾ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നീ ജില്ലകൾ സന്ദർശിച്ച് കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഈറോഡിലെ പെറുന്ദുരൈ ഐആർടി ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു ഇവിടേക്കെത്തിയത്.
ഓരോ സോണിനും പത്ത് ആംബുലൻസുകൾ വീതമാണ് നൽകിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം സ്‌റ്റാലിൻ കൊവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജമാക്കിയ ഗവൺമെന്‍റ് ഇഎസ്ഐ ആശുപത്രി സന്ദർശിച്ചു. പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെ രോഗികളെ സന്ദർശിച്ച മുഖ്യമന്ത്രി അവരുടെ സ്ഥിതി വിശേഷങ്ങളെ കുറിച്ചും ചോദിച്ച് മനസിലാക്കി. സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ, കാബിനറ്റ് സഹപ്രവർത്തകരായ കെ രാമചന്ദ്രൻ, ആർ സകരപാണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മൂന്നു ജില്ലകളും സന്ദർശിച്ച സ്‌റ്റാലിൻ ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പകർച്ചവ്യാധി നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Also Read: കൊവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് തമിഴ്നാട്ടില്‍ 5 ലക്ഷം സ്ഥിരനിക്ഷേപം