മുംബൈ: അമുലിന്‍റെ ബ്രാന്‍ഡ് ഐക്കണ്‍ ആയ 'അട്ടേര്‍ലി ബട്ടേര്‍ലി ഗേളിന്‍റെ' (അമുല്‍ ഗേള്‍) സൃഷ്‌ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ വിടവാങ്ങി. 80 വയസായിരുന്നു. മുംബൈയില്‍ ആയിരുന്നു പരസ്യ വ്യവസായ പ്രമുഖനായ ഡകുന്‍ഹയുടെ അന്ത്യം. അമുല്‍ മാനേജിങ് ഡയറക്‌ടര്‍ ജയന്‍ മേത്ത ഉള്‍പ്പെടെ നിരവധി പേരാണ് ഡകുന്‍ഹയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.
'ശ്രീ സിൽവസ്റ്റർ ഡകുന്‍ഹയുടെ ദുഃഖകരമായ വിയോഗത്തെക്കുറിച്ച് അറിയിക്കുന്നതിൽ വളരെ ഖേദിക്കുന്നു. ഡകുന്‍ഹ കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ ആയ അദ്ദേഹം 1960-കൾ മുതൽ അമുലുമായി ബന്ധമുള്ള ഇന്ത്യൻ പരസ്യ വ്യവസായത്തിലെ ഒരു പ്രമുഖനാണ്. ഈ ദുഃഖകരമായ നഷ്‌ടത്തിൽ അമുൽ കുടുംബവും പങ്കുചേരുന്നു' -ജയന്‍ മേത്ത ട്വിറ്ററില്‍ കുറിച്ചു.
മേത്തയുടെ പോസ്റ്റ് കണ്ടതിന് ശേഷം, ഡകുൻഹയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പലരും രംഗത്തു വന്നു. 'ശരിക്കും ഇന്ത്യൻ പരസ്യ വ്യവസായത്തിന്‍റെ നായകൻ, നിരവധി ബ്രാൻഡുകളുടെ ബ്രാൻഡ് നിർമാതാവ്, വ്യക്തിപരമായി ഞങ്ങൾക്ക് ഏറ്റവും അടുത്തറിയുന്നത് അമുൽ ആണ്. അദ്ദേഹത്തിന്‍റെ അപാരമായ സംഭാവനയ്ക്ക് നിരവധി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഞങ്ങളുടെ പ്രാർഥനകള്‍. ഓം ശാന്തി' -ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി.
'ശ്രീ സിൽവസ്റ്റർ ഡകുന്‍ഹ അമുലിന് നൽകിയ ക്രിയാത്മകവും അതിശയകരവുമായ സംഭാവനകൾക്കായി സ്‌മരിക്കപ്പെടും. കുടുംബത്തിന് എന്‍റെ ഹൃദയംഗമമായ അനുശോചനം' -എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന അമുല്‍ ഗേള്‍: അമുല്‍ സ്ഥാപകന്‍ ഡോ. വര്‍ഗീസ് കുര്യന്‍റെ നിര്‍ദേശമാണ്, പില്‍ക്കാലത്ത് രാജ്യം ഏറ്റെടുത്ത അമുല്‍ ഗേളിന്‍റെ സൃഷ്‌ടിയിലേക്ക് സില്‍വസ്റ്റര്‍ ഡകുന്‍ഹയെന്ന പരസ്യ പ്രമുഖനെ നയിച്ചത്. അമുല്‍ കമ്പനിയുടെ പ്രധാന ഉത്‌പന്നങ്ങളില്‍ ഒന്നായ അമുല്‍ ബട്ടറിന്‍റെ പരസ്യ കാമ്പയിന്‍റെ ഭാഗമായാണ് അട്ടേര്‍ലി ബട്ടേര്‍ലി ഗേളിലേക്ക് എത്തിയത്.
1966ല്‍ ആണ് ഡകുന്‍ഹയുടെ അമുല്‍ ഗേള്‍ പിറവിയെടുക്കുന്നത്. പോള്‍ക്ക ഡോട്ടുള്ള ഫ്രോക്ക് ധരിച്ച് നീല മുടിയും ചുവന്ന കവിളുകളുമായി ടെലിവിഷന്‍, പത്ര പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമുല്‍ ഗേള്‍ വളരെ പെട്ടെന്നാണ് ഉപഭോക്താക്കളുടെ മനസില്‍ കയറിക്കൂടിയത്. കാലം ഏറെ കഴിഞ്ഞിട്ടും അമുല്‍ ഗേള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു എങ്കില്‍ ഇതിന് പിന്നില്‍ ഡാകുന്‍ഹയുടെ മിടുക്ക് തന്നെയാണ്.
ഉപഭോക്താക്കളെ അത്രമേല്‍ സ്വാധീനിക്കാന്‍ ഡകുന്‍ഹയുടെ ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിനായി എന്നതാണ് വാസ്‌തവം. അമുല്‍ ഗേളിനൊപ്പം അമുലിന്‍റെയും ജനപ്രീതി വര്‍ധിക്കുകയായിരുന്നു. തലമുറകളോളം ഒരു ബ്രാന്‍ഡ് വിപണിയില്‍ പരിചിതമായിരിക്കുന്നതിന് ബ്രാന്‍ഡ് ഐക്കണ്‍ എത്രത്തോളം പങ്കുവഹിക്കുന്നു എന്നും ഡകുന്‍ഹയുടെ അട്ടേര്‍ലി ബട്ടേര്‍ലി ഗേളിലൂടെ വ്യക്തമാകും.
'പ്യൂര്‍ലി ദി ബെസ്റ്റ്' എന്ന അമുല്‍ ബട്ടറിന്‍റെ ആദ്യ ടാഗ് ലൈന്‍ പിന്നീട് 'ഞങ്ങളുടെ ദൈനംദിന റൊട്ടി, അമുല്‍ വെണ്ണയ്‌ക്കൊപ്പം' എന്ന ടാഗ്‌ലൈനിലേക്ക് മാറുകയായിരുന്നു. 2016ല്‍ അമുല്‍ ഗേളിന്‍റെ 50-ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കുകയുണ്ടായി. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഹൃദയം ഇത്രമേല്‍ കീഴടക്കിയ മറ്റൊരു ബ്രാന്‍ഡ് ഐക്കണ്‍ കണ്ടെത്തുക എന്നത് പ്രയാസകരം.