ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിൽ ഓക്‌സിജൻ വിതരണം, മരുന്ന് വിതരണം, വാക്‌സിൻ നയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇന്ന് ഉച്ചയോടെയാണ് ഹിയറിങ് ആരംഭിക്കുക.
ഓക്‌സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ, അധിക ആരോഗ്യ പ്രവർത്തകർ എന്നിവ മഹാരാഷ്ട്ര ആശുപത്രികളിലേക്ക് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
24 പേർ കൊല്ലപ്പെട്ട നാസിക് ഓക്‌സിജൻ ചോർച്ച കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലും ഇന്ന് കോടതി വാദം കേൾക്കും. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഓക്‌സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടുള്ള അപകടകരമായ അവസ്ഥ പരിഗണിച്ച് സുപ്രീംകോടതി ഏപ്രിൽ 22ന് സ്വമേധയ കേസെടുത്തിരുന്നു.
ആശങ്കാജനകമായ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കാൻ കഴിയുമോ എന്ന് മുൻ ഹിയറിംഗിനിടെ കോടതി കേന്ദ്രത്തോട് വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ ആറ് വ്യത്യസ്‌ത സംസ്ഥാന ഹൈക്കോടതികളെങ്കിലും ഇതേ വിഷയത്തിൽ വാദം കേൾക്കുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് കോടതി ഈ കാര്യത്തിൽ കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.