ന്യൂഡല്‍ഹി : മുസ്‌ലിം മതവിഭാഗത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളുടെ ഭരണഘടന സാധുത പരിഗണിക്കുന്നതിന് പുതിയ ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്നറിയിച്ച് സുപ്രീം കോടതി. ബഹുഭാര്യാത്വം, നിക്കാഹ് ഹലാല (ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യുന്നതിനാവശ്യമായ നടപടികള്‍) എന്നീ വിഷയങ്ങളില്‍ ഭരണഘടന സാധുത പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഉചിതമായ ഘട്ടത്തില്‍ പുതിയ അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494ാം വകുപ്പ് പ്രകാരം ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും അനുവദനീയമാണെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവര്‍. മാത്രമല്ല താന്‍ അത് പരിഗണിക്കുമെന്നും ഉചിതമായ ഘട്ടത്തില്‍ ഒരു ഭരണഘടന ബഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.
ഹര്‍ജിയുടെ നാള്‍വഴികള്‍ : ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 30 ന് ജസ്‌റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്‌ത, സൂര്യകാന്ത് , എംഎം സുന്ദ്രേഷ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ച്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി), ദേശീയ വനിത കമ്മിഷന്‍ (എന്‍സിഡബ്ല്യു), ദേശീയ ന്യൂനപക്ഷ കമ്മിഷൻ (എന്‍സിഎം) എന്നിവരോട് വിഷയത്തില്‍ പ്രതികരണം തേടിയിരുന്നു. എന്നാല്‍ ജസ്‌റ്റിസ് ബാനർജിയും ജസ്‌റ്റിസ് ഗുപ്തയും യഥാക്രമം സെപ്റ്റംബർ 23നും ഒക്‌ടോബർ ആറിനും വിരമിച്ചതോടെ ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്‌ക്കുമെതിരായ എട്ട് ഹര്‍ജികൾ പരിഗണിക്കുന്നതിനുള്ള ബഞ്ച് പുനഃസംഘടിപ്പിക്കേണ്ടതായി വന്നു.
അതേസമയം ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് അഭിഭാഷകനായ ഉപാധ്യായ തന്‍റെ പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്താണ് ഹര്‍ജിയിലെ ആവശ്യം: നാല് പേരെ വിവാഹം ചെയ്യാന്‍ 'ബഹുഭാര്യാത്വം' മുസ്‌ലിം പുരുഷന്മാരെ അനുവദിക്കുമ്പോള്‍, സ്‌ത്രീക്ക് വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാളെ വിവാഹം കഴിച്ച ശേഷം വിവാഹ മോചനം നേടണമെന്നതാണ് 'നിക്കാഹ് ഹലാല' എന്ന പ്രക്രിയ. വിഷയത്തിലെ പൊതുതാത്പര്യ ഹര്‍ജി 2018 ജൂലൈയില്‍ പരിഗണിച്ച സുപ്രീം കോടതി, സമാനമായ ഒരു കൂട്ടം ഹര്‍ജികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഭരണഘടന ബഞ്ചിന് വിഷയം കൈമാറുകയായിരുന്നു.
ലിവ് ഇന്‍ രജിസ്ട്രേഷന്‍ തള്ളി സുപ്രീം കോടതി : എന്നാല്‍ എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഹര്‍ജി പരിഗണിക്കവെ ആളുകളുടെ സുരക്ഷിതത്വം സംബന്ധിച്ചാണോ, അതോ ലിവ് ഇന്‍ ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന ആഗ്രഹത്തിന്‍റെ പുറത്താണോ ഈ ഹര്‍ജിയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഹര്‍ജിക്കാരനായി അഭിഭാഷകയായ മംമ്ത റാണിയാണ് കോടതിയില്‍ ഹാജരായത്. സാമൂഹിക സുരക്ഷ വർധിപ്പിക്കാനാണ് ലിവ് ഇന്‍ ബന്ധം രജിസ്‌റ്റർ ചെയ്യണമെന്നാവശ്യപ്പെടാന്‍ കാരണമെന്ന് അഭിഭാഷക കോടതിക്ക് മുന്‍പാകെ മറുപടി നൽകിയിരുന്നു.