ചണ്ഡീഗഢ്: ആത്മഹത്യ കുറിപ്പിലെ പേരിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഒരാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജില്ലാ കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ ശിക്ഷയെ ചോദ്യം ചെയ്ത് സോനിപത് നിവാസിയായ രവി ഭാരതി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
ആത്മഹത്യ കുറിപ്പിലെ പേരിന്‍റെ അടിസ്ഥാനത്തില്‍ 2022 മെയ് രണ്ടിന് സോനിപത് ജില്ല കോടതി തന്നെ ശിക്ഷിച്ചതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. തുടർന്ന് എല്ലാ കക്ഷികളുടേയും വാദം കേട്ടശേഷം ആത്മഹത്യാക്കുറിപ്പിലെ പേരിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ആരെയും കുറ്റക്കാരാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കുകയായിരുന്നു. തുടർന്ന് പ്രതിയെ വെറുതെ വിട്ടയയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പ്രതിക്ക് മരിച്ചയാളുമായുള്ള ബന്ധം എന്താണെന്നും ആത്മഹത്യ പ്രേരണയുടെ കാരണം എന്താണെന്നും കോടതി ചോദിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാരണം ഒരാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുമോയെന്നും ഇത്തരം കേസുകളിൽ വിചാരണയുടെ വിധി പറയുമ്പോള്‍ കോടതി ശ്രദ്ധിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.