ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ 183 ഇന്ത്യൻ പൗരൻമാരുമായി പ്രത്യേക വിമാനം ഞായറാഴ്‌ച (06.03.22) ഡൽഹിയിലെത്തി. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ശനിയാഴ്‌ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് തിരിച്ച വിമാനമാണ് ഇന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് യാത്രക്കാരെ സ്വീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു.
യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക മുന്നറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ഉന്നതതല യോഗം ചേർന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. യുക്രൈൻ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി പതിവായി ഉന്നതതല യോഗങ്ങൾ വിളിച്ചുചേർക്കുന്നുണ്ട്.
ALSO READ: യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച
നിലവിൽ റഷ്യൻ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 13,300 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്‌ച അറിയിച്ചു. യുക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്ന് ഏതാണ്ട് എല്ലാ ഇന്ത്യക്കാരും ഒഴിപ്പിക്കപ്പെട്ടു. നിലവിൽ, തുടർച്ചയായി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന സുമി പ്രദേശത്ത് നിന്ന് പൗരരെ ഒഴിപ്പിക്കുന്നതിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരരെ ഒഴിപ്പിക്കുന്ന പ്രക്രിയ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി, യുക്രൈനുമായി അതിർത്തി പങ്കിടുന്ന അഞ്ച് അയൽരാജ്യങ്ങളിലേക്കും സർക്കാരിന്‍റെ പ്രത്യേക പ്രതിനിധികളെ വിന്യസിച്ചിട്ടുണ്ട്.