അഹമ്മദാബാദ്: ഏകദിന ലോകകപ്പ് 2023 പോരാട്ടത്തില്‍ നാളെ ( ഒക്‌ടോബർ 14) അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പാകിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. സർവ സന്നാഹങ്ങളുമായിട്ടാകും ഇന്ത്യ പാകിസ്ഥാനെ നേരിടുക. അതിനിടെ ഇന്ത്യൻ നിരയില്‍ ഏറ്റവും ചർച്ചയായത് ഡെങ്കിപ്പനി ബാധിച്ച് ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായ സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ കുറിച്ചായിരുന്നു.
എന്നാല്‍ പാകിസ്ഥാന് എതിരെ കളിക്കാൻ ശുഭ്‌മാൻ ഗില്‍ 99 ശതമാനം റെഡിയാണെന്ന പ്രസ്‌താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ രോഹിത് ശർമ. മത്സരത്തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശുഭ്‌മാൻ ഗില്‍ പാകിസ്ഥാന് കളിക്കുന്ന കാര്യം രോഹിത് വെളിപ്പെടുത്തിയത്. പനി പൂർണമായും മാറി ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ ആദ്യ ഇലവനില്‍ സ്വാഭാവികമായും ഗില്‍ ഉൾപ്പെടും. അങ്ങനെയെങ്കില്‍ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനാകും ശുഭ്‌മാൻ ഗില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുക.
നിലവില്‍ ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാൻ കിഷനാണ് നായകൻ രോഹിതിന് ഒപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ വമ്പൻ പരാജയമായ ഇഷാൻ രണ്ടാം മത്സരത്തില്‍ കരുതലോടെ കളിച്ച് 47 റൺസ് നേടി രോഹിതിന് മികച്ച പിന്തുണ നല്‍കിയിരുന്നു.
ഗില്ലിന്‍റെ സ്വന്തം അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദ് സ്റ്റേഡിയം. അതുകൊണ്ടുതന്നെ ഗുജറാത്തിന്‍റെ താരമായ ഗില്ലിന് അങമ്മദാബാദിലെ പിച്ചിനെ കുറിച്ച് മികച്ച ധാരണയുണ്ട്. ഐപിഎല്ലിലും ഇന്ത്യൻ ടീമിന് വേണ്ടിയും ഗില്‍ അഹമ്മദാബാദില്‍ സെഞ്ച്വറികൾ നേടിയിട്ടുമുണ്ട്. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന ഗില്ലിന്‍റെ വരവ് ടീം ഇന്ത്യയ്ക്കും ഗുണകരമാണ്. സെപ്‌റ്റംബറിലെ മികച്ച താരമായി ഐസിസി തെരഞ്ഞെടുത്ത ഗില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകരും.