മുംബൈ : ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചത് നഷ്‌ടത്തോടെ. സെന്‍സെക്‌സ് 600 പോയിന്‍റ് ഇടിഞ്ഞു. സെന്‍സെക്‌സ് 613.55 പോയിന്‍റ് താഴ്ന്ന് 55,633.73 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. 1.09 ശതമാനമാണ് ഇടിവ്.
നിഫ്റ്റി 175.30 പോയിന്‍റ് താഴ്‌ന്ന് ( 1.04 ശതമാനം ഇടിവ്) 16,618.60 പോയിന്‍റില്‍ വ്യാപാരം ആരംഭിച്ചു. ഐസിഐസിഐ ബാങ്കാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. ഓഹരികളില്‍ 3.46 ശതമാനമാണ് ഇടിവ്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള ഓഹരി വിപണികളിലെ വിൽപ്പന ഇന്ത്യന്‍ വിപണിയേയും ബാധിച്ചു. ഇതിന് പുറമേ, അന്താരാഷ്‌ട്ര ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും വിദേശ മൂലധനത്തിന്‍റെ അനിയന്ത്രിതമായ ഒഴുക്കും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.
Also read: കീവിലെ എംബസി അടച്ചു ; എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി
ഏഷ്യൻ പെയിന്‍റ്സ്, മാരുതി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, അൾട്രാടെക് സിമന്‍റ് എന്നിവയാണ് നഷ്‌ടം നേരിട്ടത്. ടാറ്റ സ്റ്റീൽ, എം ആൻഡ് എം, റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ്, എൻടിപിസി, ടെക് മഹീന്ദ്ര എന്നിവ വിപണിയില്‍ നേട്ടം സ്വന്തമാക്കി. ശിവരാത്രിയോടനുബന്ധിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കഴിഞ്ഞ ദിവസം അവധിയായിരുന്നു.