ഡെറാഡൂണ്‍ : ഹരിദ്വാറില്‍ മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പത്ത് പേര്‍ക്കെതിരെ കൂടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഹരിദ്വാര്‍ നിവാസി നദീം അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജവല്‍പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
ഹരിദ്വാറില്‍ നടന്ന 'ധര്‍മ സന്‍സദി'ലാണ് വിദ്വേഷം പ്രസംഗം നടന്നത്. പരിപാടിയുടെ നടത്തിപ്പുകാരായ യദി നരസിംഹാനന്ത് ഗിരി, ജിതേന്ദ്ര നാരായണ്‍ ത്യാഗി, സിന്ദു സാഗര്‍,ധര്‍മദാസ്, പരമാനന്ദ, സാദ്‌വി അന്നപൂര്‍ണ, ആനന്ത് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചവാന്‍, പ്രബോദാനന്ത ഗിരി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
ALSO READ:ഐഎസില്‍ ചേര്‍ന്ന മലയാളി യുവതിയെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കി
കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മസന്‍സദില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമ്മര്‍ദ്ദമാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാറിന് ഉണ്ടായത്. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരിദ്വാറിലും ഡെഹറാഡൂണിലും മുസ്ലീം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.