മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ 27 ദിവസത്തിനിടെ 36 പേര്‍ മരിച്ചത് കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട്. സക്ര ബ്ലോക്കിലെ സരമസ്‌താപുര്‍ പഞ്ചായത്തിലാണ് 36 മരണം റിപ്പോര്‍ട്ട് ചെയ്‌തത്. ചുമയും പനിയും രോഗലക്ഷണങ്ങളുണ്ടായവരാണ് മരിച്ചത്. 36 പേര്‍ ഇതുവരെ മരണപ്പെട്ടുവെന്നും കൂടുതല്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നും പ്രദേശവാസികള്‍ പറയുന്നു.
Also read: ബിഹാറിൽ കൊവിഡ് മൃതദേഹം മുനിസിപ്പാലിറ്റി വാഹനത്തിൽ
എന്നാല്‍ പ്രായാധിക്യം മൂലമാണ് കുറച്ച് പേര്‍ മരിച്ചതെന്നും ബാക്കിയുള്ളവര്‍ പനി പോലെയുള്ള രോഗങ്ങള്‍ മൂലമാണ് മരണപ്പെട്ടതെന്നും സക്ര ബ്ലോക്കിലെ ഗ്രാമ മുഖ്യന്‍ പ്രമോദ് കുമാര്‍ ഗുപ്‌ത പറഞ്ഞു. "പനിയും ചുമയും മൂലം 27 ദിവസത്തിനിടെ 36 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലോക്ക് മെഡിക്കല്‍ ഓഫീസറോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും കിറ്റുകള്‍ ഉണ്ടായിരുന്നില്ല." നിലവില്‍ കിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. മരണനിരക്കിലുണ്ടായ അപ്രതീക്ഷിത വര്‍ധനവ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: പഞ്ചായത്തുകൾക്ക് 8,923.8 കോടി അനുവദിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം
അതേ സമയം, സക്രയില്‍ 36 പേര്‍ മരിച്ചത് കൊവിഡ് മൂലമല്ല മറിച്ച് മറ്റുള്ള രോഗങ്ങള്‍ മൂലമാണെന്ന് സക്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ചുമതല വഹിക്കുന്ന സജ്ജീവ് കുമാറും വ്യക്തമാക്കി. സക്രയില്‍ നേരത്തെ കരിഞ്ചന്തക്കായി മാറ്റി വച്ച ആയിരക്കണക്കിന് ആന്‍റിജന്‍ കിറ്റുകളും സാനിറ്റൈസറുകളും മറ്റും പൊലീസ് റെയ്‌ഡില്‍ പിടിച്ചെടുത്തിരുന്നു.