ന്യൂഡൽഹി: ട്വിറ്ററിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ നേടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ട്വിറ്ററിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യുഎസ് ഫെഡറൽ റിസർവിനെയും യൂറോപ്യൻ സെൻട്രൽ ബാങ്കിനെയും പിന്നിലാക്കിയാണ് ആർബിഐയുടെ നേട്ടം. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സഹപ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ച് ട്വീറ്റ് ചെയ്‌തു.
ലോകത്തിലെ ഏറ്റവും ശക്തമായ സെൻട്രൽ ബാങ്കായ യുഎസ് ഫെഡറൽ റിസർവിന് 6.67 ലക്ഷം ട്വിറ്റർ ഫോളോവേഴ്‌സും ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായ യൂറോപ്യൻ സെൻട്രൽ ബാങ്കിന് 5.91 ലക്ഷം ഫോളോവേഴ്‌സുമാണ് ട്വിറ്ററിലുള്ളത്. രണ്ട് അക്കൗണ്ടുകളും 2009 മുതൽ ട്വിറ്ററിൽ സജീവമാണ്. 2019ലാണ് ആർബിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്നത്. ലോക്ക്ഡൗൺ കാലയളവിലാണ് ആർബിഐ ട്വിറ്റർ ഫോളോവേഴ്‌സിന്‍റെ എണ്ണം വർധിച്ചതെന്ന് അധികൃതർ പറഞ്ഞു.