ഡിസ്‌പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ തേയില തൊഴിലാളികൾക്ക് തോട്ടങ്ങൾ സ്വന്തമായുള്ളപ്പോൾ അസമിലെ തേയിലത്തോട്ട തൊഴിലാളികൾക്ക് പ്രതിദിനം 167 രൂപ മാത്രമാണ് വേതനം ലഭിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. അസമിലെ തേയിലത്തോട്ട തൊഴിലാളികൾക്ക് പ്രതിദിനം 365 രൂപ വേതനം നൽകുമെന്ന് തങ്ങൾ വാഗ്‌ദാനം ചെയ്യുന്നതായും ലോകത്തിലെ ഒരു ശക്തിക്കും അസമിനെ തകർക്കാൻ കഴിയില്ലെന്നും ആരെങ്കിലും അസം ഉടമ്പടിയിൽ സ്‌പർശിക്കാനോ വിദ്വേഷം വളർത്താനോ ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടിയും അസമിലെ ജനങ്ങളും ഒരുമിച്ച് ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റാലിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സിഎഎക്കെതിരായ ബാഡ്‌ജ് ധരിച്ചായിരുന്നു എത്തിയത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ വിമർശിച്ച രാഹുൽ സംസ്ഥാന മുഖ്യമന്ത്രി ജനങ്ങൾക്ക് വേണ്ടിയാകണം പ്രവർത്തിക്കേണ്ടതെന്നും നിലവിൽ അസം മുഖ്യമന്ത്രി നാഗ്‌പൂർ, ഡൽഹി, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളുടെ ഉത്തരവുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ആരോപിച്ചു.
കൊവിഡ് കാലത്ത് വ്യവസായികളുടെ വായ്‌പ എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ നടപടിയെയും വയനാട് എംപി ശക്തമായി വിമർശിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകാരെ ബുദ്ധിമുട്ടിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്‌മ ചരക്ക് സേവന നികുതി (ജിഎസ്‌ടി), നോട്ട് നിരോധനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസ് ഒരു ജനകീയ പാർട്ടിയാണെന്നും വിദ്വേഷം വ്യാപിപ്പിക്കുന്നതിനെതിരെയും സംസ്ഥാനത്തെ എല്ലാവരുടെയും പുരോഗതിക്കായും പ്രവർത്തിക്കുമെന്നും വയനാട് എംപി പരാമർശിച്ചു.