വിജയവാഡ(ആന്ധ്രാപ്രദേശ്): പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ക്കെതിരെ നടപടി. രണ്ട് ദിവസങ്ങളിലായി നാല് കേസുകളാണ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തത്. വിജയവാഡയില്‍ നിന്നും ഫേസ്‌ബുക്ക്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യുന്നുവെന്ന് സിഐഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് നടപടി.
രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍, ഒരു കേസില്‍ പന്ത്രണ്ട് പേര്‍ പ്രതികളാണെന്നും അതില്‍ മൂന്നു പേര്‍ സ്‌ത്രീകളാണെന്നുമാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പോസ്‌റ്റ് ചെയ്യുന്നതും പങ്കുവയ്‌ക്കുന്നതും വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. ഇതേതുടര്‍ന്ന്, പൊലീസ് സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആരെങ്കിലും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌താല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് ഉടനടി പ്രതികളെ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യും. സിഐഡി ഡിപ്പാര്‍ട്ട്‌മെന്‍റ് ആ വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പൊലീസിന് കൈമാറും.
പ്രതികളായ ഷെയ്ഖ് ഷെഹ്നാസ്, ടെണ്ടു ബ്രഹ്മാനന്ദ റാവു, ഗുഡിവാഡ വെങ്കട മണികണ്ഠ ശ്രീ പാണ്ഡു രംഗ, ചക്ക കിരൺകുമാർ രാമകൃഷ്‌ണ, എസ്.കെ. നഗുൽ മീരാവലി, രവി യർരഭനേനി, രവി അഞ്ജയ്യ, കട്ട സായ്‌കൃഷ്‌ണ, പൽവഞ്ച തിരുമല ലക്ഷ്‌മിനരസിംഹാചാര്യു, എസ്.കെ.അഞ്ജലി, പുലിപതി ഭവന, ദസി സര്‍ള, അജയ് കുമാര്‍, കംലേഷ് കുമാര്‍ ചൗധരി എന്നിവരെ രണ്ട് കേസുകളിലായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റ് രണ്ട് കേസിലെ പ്രതികളെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല.