മുംബൈ : കാണാതായ പൂച്ചയെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം ആവശ്യപ്പെട്ട് ഉടമ. 65,000 രൂപ വില വരുന്ന പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തിലുള്ള 'ടുട്ടു' എന്ന ആണ്‍ പൂച്ചയെ കണ്ടെത്താനാണ് യുവതി അഹമദ്‌നഗർ പൊലീസിന്‍റെ സഹായം തേടിയത്. മഹാരാഷ്‌ട്രയിലെ അഹമദ് നഗറിലുള്ള ശ്രീഗൊണ്ട താലൂക്കിലാണ് സംഭവം.
ശ്രീഗൊണ്ട പൊലീസിന് കുത്തിവയ്പ് എടുക്കാന്‍ വന്നവരില്‍ ഒരാളില്‍ ഉടമസ്ഥയുമുണ്ടായിരുന്നു. അവര്‍ ടുട്ടുവിനെയും കൂടെ കൂട്ടിയിരുന്നു. പൊലീസ് കുത്തിവയ്പ് എടുക്കുന്ന സമയത്തെല്ലാം ടുട്ടു കാറിലുണ്ടായിരുന്നു. എന്നാല്‍ അല്‍പസമയത്തിനു ശേഷം ആൺപൂച്ചയെ കാണാനില്ലെന്ന് മനസ്സിലാക്കിയ യുവതി സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ അവര്‍ക്ക് പൂച്ചയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇവര്‍ പൊലീസിന്‍റെ സഹായം ആവശ്യപ്പെടുന്നത്.
പൂച്ച എവിടെ പോയെന്നറിയാനായി സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാലുമണി വരെ ആൺപൂച്ചയെ കണ്ടെത്താനായി ഇവര്‍ തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ നാല് മണിക്കൂറോളം പണിപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. അവസാനം പൂച്ചയ്ക്കായി കരുതിയ ഭക്ഷണപ്പൊതി പൊലീസ് സ്‌റ്റേഷനിൽ ഉപേക്ഷിച്ച് യുവതി നാസിക്കിലേക്ക് മടങ്ങി.