ന്യൂഡൽഹി: ഇന്ത്യ, ഇസ്രയേലില്‍ നിന്ന് പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകൻ എം.എൽ ശർമയാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ALSO READ: പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്
അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനായി ഇസ്രയേലുമായി ഇന്ത്യ 2017ല്‍ 200 കോടി അമേരിക്കന്‍ ഡോളറിന്‍റെ കരാറാണ് ഒപ്പിട്ടത്. ഒരു മിസൈല്‍ സിസ്റ്റവും പെഗാസസ് ചാര സോഫ്‌റ്റ്‌വെയറുമാണ് കരാറില്‍ ഉള്‍പ്പെട്ട പ്രധാന ഇനങ്ങളെന്ന് അമേരിക്കന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ-ഇസ്രയേൽ കരാർ പാർലമെന്‍റ് അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ റദ്ദാക്കണമെന്നും ഹര്‍ജിയിലൂടെ എം.എൽ ശർമ ആവശ്യപ്പെടുന്നു.
കരാറിനായി ചെലവിട്ട പണം തിരിച്ചുപിടിക്കണം. ചാരസോഫ്‌റ്റ് വെയറിന്‍റെ ചോര്‍ത്തലിനിരയായ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നീതി വേണം. പൊതുപണം ദുരുപയോഗം ചെയ്‌തത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇടപാടിനായി നൽകിയ പണം വീണ്ടെടുക്കണമെന്നും അദ്ദേഹം ഉന്നയിച്ചു.
ആരോപണങ്ങളെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കാള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങള്‍ പെഗസാസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ടാകാം എന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ 'ഫോര്‍ബിഡണ്‍ സ്റ്റോറിസ്' റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാര്‍ത്ത വസ്‌തുതാവിരുദ്ധം എന്നുപറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.
എന്നാല്‍, ഇസ്രയേലില്‍ നിന്ന് പെഗാസസ് സോഫ്റ്റ്‌വയര്‍ വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി പെഗസാസ് ആരോപണം അന്വേഷിക്കാനായി മൂന്നംഗ വിദഗ്‌ധസമിതിയെ നിയോഗിച്ചു. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ സമയത്തും കോടതിയുടെ പരിശോധനയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.