ലക്‌സർ : മരിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ രോഗിക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തരാഖണ്ഡിലെ കരൺപൂർ സ്വദേശിയായ അജബ് സിങ്ങിനെയാണ് (60) മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചത്. ശേഷം വെന്‍റിലേറ്ററിൽ നിന്ന് മാറ്റി ബന്ധുക്കൾക്ക് കൈമാറി.
ബന്ധുക്കൾ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്‌തു. എന്നാൽ സംസ്‌കാരത്തിന് മുമ്പ് കുളിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് ശ്വാസമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ലക്‌സറിലെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് മാറ്റി.
ബന്ധുക്കൾ പറയുന്നതിങ്ങനെ : രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് അജബ് സിങ്ങിനെ ദോയ്വാലയിലെ ഹിമാലയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നാല് ദിവസത്തോളം വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. വെള്ളിയാഴ്‌ച അജബ് സിങ് മരിച്ചതായും ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
സംസ്‌കാരത്തിന് മുമ്പ് ബന്ധുക്കൾ അദ്ദേഹത്തെ കുളിപ്പിക്കുമ്പോൾ മാത്രമാണ് രോഗി മരിച്ചിട്ടില്ലെന്നും ജീവനുണ്ടെന്നും കണ്ടെത്തുന്നത്. ആശുപത്രി അധികൃതരുടെ ഇത്തരം അശ്രദ്ധകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അജബ് സിങ്ങിന്‍റെ മകൻ അനുജ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.
തന്‍റെ പിതാവിന്‍റെ ചികിത്സയ്ക്കായി ഏകദേശം 1,70,000 രൂപയാണ് ചെലവഴിച്ചത്. അതിനുശേഷം അദ്ദേഹം മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. വിഷയത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും അനുജ് സിങ് വ്യക്തമാക്കി.