പട്‌ന: ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാഗത്‌ബന്ധൻ സര്‍ക്കാര്‍. ഓഗസ്റ്റ് ആദ്യ വാരമാണ് നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡിയിലേക്ക് ചേക്കേറി മഹാസഖ്യം രൂപീകരിച്ചത്. നിതീഷ് കുമാറിന്‍റെ ചുവട് മാറ്റം സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യത്തെ തകിടം മറിച്ചിരുന്നു.
ഓഗസ്റ്റ് 10ന് എട്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുകയും ചെയ്‌തു. ബിജെപിയുമായുള്ള സഖ്യം തകർത്ത് ഒരാഴ്‌ചയ്‌ക്ക് ശേഷം അദ്ദേഹം മന്ത്രിസഭ വിപുലീകരിച്ചു. സംസ്ഥാനത്തെ മഹാസഖ്യത്തിന്‍റെ ഭാഗമായ വിവിധ പാർട്ടികളിൽ നിന്ന് 31 മന്ത്രിമാരെ ബിഹാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഓഗസ്റ്റ് 16ന് രാജ്‌ഭവനില്‍ വച്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
ബിഹാർ ഗവർണർ ഫാഗു ചൗഹാനാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. ആര്‍ജെഡിക്ക് 16 മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ ജനതാദളിന് ലഭിച്ചത് 11 മന്ത്രി സ്ഥാനങ്ങളാണ്. ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. കൂടാതെ ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവിന്‍റെ സഹോദരൻ തേജ് പ്രതാപ് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, കുമാർ സർവജീത്, ലളിത് യാദവ്, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, ജിതേന്ദ്ര കുമാർ റായ്, അനിത ദേവി, സുധാകർ സിങ്, അലോക് മേത്ത എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു.
കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരെ മന്ത്രിമാരായും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാരുണ്ട്. ഭാവിയിലെ മന്ത്രിസഭ വികസനത്തിനായി ചില മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.