ലണ്ടൻ: ഇന്ത്യൻ വംശജൻ ഡോ സമിർ ഷായെ പുതിയ ബിബിസി (British Broadcasting Corporation) ചെയർമാനായി നിയമിച്ച് ബ്രിട്ടീഷ് സർക്കാർ. മുൻ ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചതിന് പിന്നാലെയാണ് 40 വർഷത്തിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള സമിർ ഷായുടെ നിയമനം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് റിച്ചാർഡ് ഷാർപ്പ് രാജി വെച്ചിരുന്നത്.
മാധ്യമപ്രവർത്തനത്തില്‍ 40 വർഷത്തിലധികം നീണ്ട പ്രവർത്തി പരിചയമുള്ള ഡോ സമിർ ഷായുടെ നിയമനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യുകെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രേസർ പറഞ്ഞു.
"ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്ത് ബിബിസി വിജയിക്കുന്നത് കാണാൻ സമീർ ഷായ്ക്ക് വ്യക്തമായ ആഗ്രഹമുണ്ടെന്നും, ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും നേരിടാൻ ബിബിസിക്ക് ആവശ്യമായ പിന്തുണയും സൂക്ഷ്‌മ പരിശോധനയും അദ്ദേഹം നൽകുമെന്ന് എനിക്ക് സംശയമില്ല എന്നും ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോർപ്പറേഷനെ കുറിച്ചുള്ള ഷായുടെ അറിവും ദേശീയ ബ്രോഡ്‌കാസ്‌റ്റർ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പങ്കിലുള്ള വിശ്വാസവും പ്രക്ഷേപണത്തിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വിപുലമായ പ്രവർത്തനങ്ങളും ബിബിസിക്ക് ഗുണകരമാകുമെന്നും സഹായിക്കുമെന്നും ലൂസി ഫ്രേസർ പറഞ്ഞു.
" രാജ്യത്തുടനീളമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് എത്താനുള്ള അതുല്യമായ കടമയാണിത്. വർദ്ധിച്ചുവരുന്ന മത്സര വിപണിയിൽ ഈ കടമ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്യും. ബ്രിട്ടണിന്‍റെ ആഗോള സംസ്‌കാരത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ബിബിസി. ബ്രിട്ടീഷ് ജീവിതത്തിൽ ബിബിസിക്ക് വലിയ സ്ഥാനമുണ്ടെന്നും ചെയർമാനായ നിയമിതനായ ശേഷം സമിർ ഷാ പറഞ്ഞു".
"വരും വർഷങ്ങളിൽ അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും വൈവിധ്യമാർന്നതുമായ വെല്ലുവിളികളെ നേരിടാൻ ഈ സ്ഥാപനത്തെ സഹായിക്കുന്നതിന് എന്‍റെ കരിയറിൽ ഞാൻ ഉണ്ടാക്കിയ പൊതുസേവന സംപ്രേക്ഷണത്തെക്കുറിച്ചുള്ള വൈദഗ്ധ്യം, അനുഭവം, ധാരണ എന്നിവ നൽകാൻ എനിക്ക് കഴിയുമെങ്കിൽ, അത് ഒരു ബഹുമതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു".
ഔറംഗബാദിൽ ജനിച്ച ഷാ, 1960-ൽ ഇംഗ്ലണ്ടിലെത്തി, മുമ്പ് ബിബിസിയിലെ സമകാലിക കാര്യങ്ങളുടെയും രാഷ്ട്രീയ പരിപാടികളുടെയും തലവനായിരുന്നു. സ്വതന്ത്ര ടെലിവിഷൻ, റേഡിയോ പ്രൊഡക്ഷൻ കമ്പനിയായ ജൂനിപ്പറിന്‍റെ സിഇഒയും ഉടമയുമായ ഷാ 2007 നും 2010 നും ഇടയിൽ ബിബിസിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.