മുംബൈ: കള്ളക്കടത്തിനു വേണ്ടി വിഴുങ്ങിയ മയക്കുമരുന്ന് ക്യാപ്‌സ്യൂൾ വയറ്റിൽ കിടന്ന് പൊട്ടി നൈജീരിയൻ പൗരൻ ഡൽഹിയിൽ കൊല്ലപ്പെട്ടു. നൈജീരിയയിൽ നിന്ന് പൂനെയിലെത്തിയ ഇബ്രാഹിം (45) ആണ് മരിച്ചത്. ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ഇബ്രാഹിമിന്‍റെ ഭാര്യ ദിസങ്ങൾക്ക് മുൻപ് പൂനെയിലെ കോണ്ട്‌വ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ വച്ചു മരിച്ചെന്ന് കണ്ടെത്തിയത്.
പത്ത് വർഷങ്ങൾക്ക് മുൻപാണ് പൂനെയിലെ കോണ്ട്‌വ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചത്. പെട്ടെന്ന് ഒരു ദിവസം ഇബ്രാഹിം അപ്രത്യക്ഷനാവുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ ചോദ്യം ചെയ്‌തപ്പോൾ ഇബ്രാഹിം മിറ റോഡ് പ്രദേശത്ത് താമസിക്കുന്ന സുഹൃത്ത് ആൻഡിയെ സന്ദർശിക്കാൻ ഇടയ്ക്കിടെ വരുന്നതായി കോണ്ട്‌വ പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കോണ്ട്‌വ പൊലീസ് അന്വേഷണം മിറ റോഡിലെ നയാ നഗർ പൊലീസിന് കൈമാറി. മിറ റോഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡൽഹിയിൽ ദിവസങ്ങളായി നടത്തിയ തിരച്ചിലിനൊടുവിലാണ് മരണവിവരം കണ്ടെത്തിയത്. വയറുവേദനയെ തുടർന്നാണ് ഇബ്രാഹിമിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, വയറ്റിലെ ക്യാപ്‌സ്യൂളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്‌തു. പിന്നീട് എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇബ്രാഹിം മരിക്കുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിലാണ് ഇബ്രാഹിമിന്‍റെ വയറ്റിൽ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന് നരേല പൊലീസ് സ്‌റ്റേഷനിൽ മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌ത് മൃതദേഹം സംസ്‌കരിച്ചു. നയാ നഗർ പൊലീസ് ഇബ്രാഹിമിന്‍റെ ഭാര്യയെ വിവരമറിയിക്കുകയും ഫോട്ടോ കാണിച്ച് സ്ഥിരീകരണം നടത്തുകയും ചെയ്‌തതായി മിറ റോഡ് പൊലീസ് ഇൻസ്പെക്‌ടർ അവിരാജ് കുരാഡെ അറിയിച്ചു.