ഹൈദരാബാദ്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിലൂടെ ലോകത്തിന് മുമ്പില്‍ വിജയകരമായ മാതൃക സൃഷ്‌ടിക്കാനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ദിവസം കൊണ്ട് പിഎഫ് ഐയെ നിരോധിക്കാനായി രാജ്യത്തെ ഗവണ്‍മെന്‍റ് ഏജന്‍സികളും പൊലീസ് അടക്കമുള്ള ഫോഴ്‌സുകളും സഹായിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തുടനീളമുള്ള തീവ്രവാദം, മയക്ക് മരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ എന്‍ഐഎയും എന്‍സിബിയും അന്വേഷിച്ച് വരികയാണെന്നും രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ദേശീയ തലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജമ്മു കശ്‌മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും കലാപങ്ങളും ഇടതുപക്ഷ തീവ്രവാദവും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.