ന്യൂഡൽഹി: അസമില്‍ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനിൽക്കെ ബിജെപി നേതാക്കളായ ഹിമാന്ത ബിശ്വ ശർമ്മ, സർബാനന്ദ സോനാവാൾ എന്നിവർ പാർട്ടി പ്രസിഡന്‍റ് ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സോനാവാളിനെയും ഹിമാന്ത ശർമയെയും ബിജെപി കേന്ദ്ര നേതൃത്വം വെള്ളിയാഴ്‌ച ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഇരുവരും ശനിയാഴ്‌ച രാവിലെ ഡൽഹിയിലെത്തി. തുടര്‍ന്ന് ശർമ്മയും ബിജെപി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും നദ്ദയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പിന്നീട് അമിത് ഷായും ചേർന്നു. ശേഷം സോനാവാൾ ബിജെപി ഉന്നതരെ സന്ദർശിക്കുകയായിരുന്നു.
READ MORE: ആന്ധ്രയിൽ ജെലാറ്റിൻ സ്‌റ്റിക് പൊട്ടിത്തെറിച്ച് ഒൻപതു പേർ മരിച്ചു
മുഖ്യമന്ത്രിപദം സംബന്ധിച്ചായിരുന്നു മുഖ്യ ചര്‍ച്ച. അസമിലെ തദ്ദേശീയനും സോനാവാൾ-കചാരി ഗോത്രവർഗക്കാരനുമായ സര്‍ബാനന്ദയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ശർമയും മുഖ്യമന്ത്രി പദത്തിനായുള്ള വടംവലിയിലാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സോനാവാളിനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടിയാണ് മത്സരിച്ചത്. വിജയിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിനുശേഷം അസമിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുമെന്ന് നേതൃത്വം നിലപാടെടുക്കുകയായിരുന്നു. 126 അംഗ നിയമസഭയില്‍ ബിജെപി 60 ഉം സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎൽ ആറും സീറ്റുകള്‍ നേടി.