ഗുവഹത്തി: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ 48 മണിക്കൂർ നിർണായകമായിരുന്നുവെന്നും അദ്ദേഹം അപകടനില തരണം ചെയ്‌തതായും ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ ഗൊഗോയ് 84കാരനാണ്.
ഓഗസ്റ്റ് 25ന് കൊവിഡ് ബാധിതനായ ഗൊഗോയ് രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് സുഖം പ്രാപിച്ചത്. എന്നാൽ രോഗമുക്തി നേടിയതിന് ശേഷവും അദ്ദേഹത്തിന് പോസ്റ്റ്-കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങൾ പതിവായിരുന്നു. തുടർന്നാണ് നവംബർ രണ്ടിന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്ന ഗൊഗോയിയുടെ ആന്തരിക അവയവങ്ങൾ പലതും പ്രവർത്തനരഹിതമാകുകയും കനത്ത ശ്വാസതടസം നേരിടുകയും ചെയ്‌തിരുന്നു.
ചികിത്സകളുടെ പരിണിതഫലമായി ബോധം വീണ്ടെടുക്കുകയും കണ്ണുതുറക്കുയും ചെയ്‌തു. എയിംസ് ഡോക്‌ടർമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഗൊഗോയിക്ക് ചികിത്സ ഉറപ്പാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.