ചെന്നൈ : വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ എംഎസ് ധോണി (MS Dhoni) സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി മദ്രാസ് ഹൈക്കോടതി (Madras High Court) പരിഗണിക്കുന്നത് മാറ്റി. മുൻ ഉദ്യോഗസ്ഥനെതിരെ ഹര്‍ജിക്കാരന്‍റെ തീർപ്പാക്കാത്ത സിവിൽ കേസിലെ ന്യായമായ ഉത്തരവ് പരിശോധിക്കാനുള്ള കോടതി തീരുമാനത്തെ തുടർന്നാണ് നടപടി. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 31-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
ഐപിഎൽ (IPL) ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും (Supreme Court) മദ്രാസ് ഹൈക്കോടതിക്കും എതിരെ നടത്തിയ പ്രസ്‌താവനകളുടെ പേരിലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ കൂടിയായ എംഎസ് ധോണി രംഗത്തെത്തിയത്. ജി സമ്പത്ത് കുമാറിനെതിരെ കോടതി അലക്ഷ്യ നടപടിയെടുണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയിലായിരുന്നു താരം സമര്‍പ്പിച്ചത്.
ഒത്തുകളി വിവാദം നടന്ന 2014-ല്‍ അന്നത്തെ പൊലീസ് ഇൻസ്‌പെക്‌ടർ ജനറലായിരുന്നു സമ്പത്ത് കുമാർ. ഐജി സമ്പത്ത് കുമാര്‍ ഒത്തുകളി വിവാദവുമായി തന്നെ ബന്ധപ്പെടുത്തി പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്ന് ധോണി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത താരം നഷ്‌ടപരിഹാരമായി 100 കോടി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിവില്‍ കേസായിരുന്നു ധോണി ഫയല്‍ ചെയ്‌തത്.
അതേവര്‍ഷം, മാര്‍ച്ച് 18ന് ധോണിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ഐപിഎസ് ഉദ്യോഗസ്ഥനെ വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കി. ഇതിനെതിരെ സമ്പത്ത് കുമാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. സത്യവാങ്‌മൂലത്തില്‍ ജുഡീഷ്യറിക്കും മുതിർന്ന പബ്ലിക് പ്രോസിക്യൂടർക്കുമെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു എംഎസ് ധോണിയുടെ വാദം.
അതേസമയം, ജസ്റ്റിസ് എം സുന്ദര്‍, ജസ്റ്റിസ് ആർ ശക്തിവേല്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി ഇന്നലെ (ഓഗസ്റ്റ് 03) പരിഗണിച്ചത്. കോടതിയില്‍ എംഎസ് ധോണിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് രാമൻ കേസില്‍ ന്യായമായ ഉത്തരവ് ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു കേസ് പരിഗണിക്കുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിയത്.
അതേസമയം, ധോണി ആരോപിക്കുന്നത് പോലെ അപകീർത്തിപരമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സമ്പത്ത് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പെരുമ്പുലാവിൽ രാധാകൃഷ്‌ണൻ വാദിച്ചു.