മുംബൈ: എല്‍ഐസി ഓഹരികള്‍ സ്റ്റോക് എക്‌സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തത് ഐപിഒ വിലയേക്കാള്‍ താഴ്ന്ന്. എല്‍ഐസി ഓഹരിയുടെ ഐപിഒ വിലയായ 949 രൂപയേക്കാള്‍ 81.80 രൂപ താഴ്‌ന്നാണ്(867.20 രൂപ) ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റ് ചെയ്‌ത വിലയില്‍ നിന്ന് വ്യാപാരം പുരോഗമിക്കുമ്പോള്‍ എല്‍ഐസി ഓഹരിക്ക് വില കൂടുന്നുണ്ട്. ഇന്ന് രാവിലെ 10.25ന് ഓഹരി വില 4 ശതമാനം വര്‍ധിച്ച് 904 രൂപയായി.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയായിരുന്നു കേന്ദ്ര പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടേത്. ഐപിഒയില്‍ നിശ്ചയിക്കപ്പെട്ട ഓഹരി വില 949 രൂപയായിരുന്നെങ്കിലും പോളിസി ഉടമകള്‍ക്കും, റീട്ടേയില്‍ നിക്ഷേപകര്‍ക്കും, എല്‍ഐസിയുടെ ജീവനക്കാര്‍ക്കും ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു. പോളിസി ഉടമകള്‍ക്ക് 889 രൂപയ്‌ക്കും, ജീവനക്കാര്‍ക്കും റീട്ടേയില്‍ നിക്ഷേപകര്‍ക്കും 904 രൂപയ്‌ക്കുമാണ് ഓഹരി നല്‍കിയത്.
അങ്ങനെ വരുമ്പോള്‍ ഇന്ന് രാവിലെ 10.25ലെ ഓഹരി വിലയനുസരിച്ച് ഐപിഒയില്‍ എല്‍ഐസിയുടെ ഓഹരികള്‍ സ്വന്തമാക്കിയ റീട്ടേയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ലാഭമോ നഷ്‌ടമോ ഇല്ലാത്ത സ്ഥിതിയാണ്. അതേസമയം ഓഹരികള്‍ സ്വന്തമാക്കിയ എല്‍ഐസി പോളിസി ഉടമകള്‍ക്ക് ലാഭമാണ്.