കുപ്‌വാര: കശ്‌മീരില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് പൊലീസിന്‍റെ പിടിയില്‍. മാര്‍ച്ച് 29നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് (ഏപ്രില്‍ രണ്ട്) 45കാരനായ പ്രതി മുഹമ്മദ് ഇഖ്‌ബാല്‍ ഖത്താന പിടിയിലായത്.
വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ലോലാബിലെ ഖുർഹാമ സാബ് പ്രദേശത്താണ് സംഭവം. 29ാം തിയതി രാത്രി വീടിന്‍റെ 30 മീറ്റർ അകലെയുള്ള ഷെഡിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സംഭവത്തില്‍ പ്രതിയെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു.
അനുനയിപ്പിക്കാന്‍ ശ്രമിച്ച് കുട്ടി, ഒടുവില്‍..: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് കത്തിയെടുത്ത് മുഹമ്മദ് ഇഖ്‌ബാല്‍ വീട് വിട്ട് പോയിരുന്നു. ഈ സമയം പെൺകുട്ടിയും പിതാവിന്‍റെ പിന്നാലെ പോയി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇഖ്ബാൽ പെൺകുട്ടിയോട് തന്‍റെ പിന്നാലെ വരേണ്ടെന്നും തിരികെ വീട്ടിലേക്ക് പോവണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്‌തു. പുറമെ, മിഠായി വാങ്ങാൻ കുറച്ച് പണവും നൽകിയിരുന്നു.
എന്നാല്‍, മടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതേതുടർന്ന് ദേഷ്യത്തിലായിരുന്ന ഇഖ്ബാൽ മകളെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ മൃതദേഹം സമീപത്തെ വിറക് ഷെഡിൽ തള്ളുകയുണ്ടായി. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഇയാള്‍ വീട്ടിലേക്ക് പോവുകയും മകള്‍ എവിടെയെന്ന ചോദ്യത്തിന് കൈമലര്‍ത്തുകയും ചെയ്‌തു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഹമ്മദ് താനാണ് കൊലപ്പെടുത്തിയതെന്ന് മൊഴി നല്‍കിയത്. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി കുപ്‌വാര സീനിയർ പൊലീസ് സൂപ്രണ്ട് യുഗൽ മൻഹാസ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും നിലവിൽ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
70കാരിയെ കൊലപ്പെടുത്തി മകന്‍: അമ്മയെ കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റില്‍. ഏപ്രില്‍ രണ്ടിന് വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലാണ് സംഭവം. സോപോർ പ്രദേശത്തെ ഡംഗർപോറയിൽ 70 വയസുള്ള ആശ ബീഗത്തെയാണ് കഴുത്ത് ഞെരിച്ച് മകന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ഷൗക്കത്ത് അഹമ്മദ് ഗനായിയാണ് (28) അറസ്റ്റിലായത്. പൊലീസ് പറയുന്നതനുസരിച്ച് പ്രതി കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് കാരണമായത് എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.