ബെംഗളുരു: പോപ്പുലർ ഫ്രണ്ട് ഇന്ത്യയേയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐ കർണാടക പ്രസിഡന്‍റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്‌ജി ജസ്‌റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി തള്ളിയത്.
നിലവിൽ ജൂഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പാഷയ്ക്കു വേണ്ടി ഭാര്യയാണ് ഹർജി നൽകിയത്. നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എന്നാൽ അത് ഉണ്ടായില്ലെന്നും പിഎഫ്ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയകുമാർ പാട്ടീൽ വാദിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ ആവശ്യമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ടെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തുഷാർ മേത്ത വ്യക്തമാക്കി. ഈ വർഷം സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
പിഎഫ്ഐക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെയുമാണ് യുഎപിഎ നിയമം വച്ച് അഞ്ചു വർഷത്തേക്കു നിരോധിച്ചത്. രാജ്യത്തുടനീളമുള്ള പിഎഫ്ഐയുടെ ഓഫിസുകളിലും അംഗങ്ങളുടെ വസതികളിലും റെയ്‌ഡ് നടത്തിയതിന് ശേഷമായിരുന്നു കേന്ദ്ര നടപടി.