ബെംഗളൂരു: പ്രകോപനപരമായ പ്രസ്‌താവന നടത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചാരണത്തിനിടെ നടത്തിയ പ്രസ്‌താവനയിലൂടെ വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈ ഗ്രൗണ്ട് പൊലീസില്‍ പരാതിയുമായെത്തിയത്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് വംശീയ രാഷ്‌ട്രീയം ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്നും കലാപങ്ങളുണ്ടാവുമെന്നായിരുന്നു ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്‌താവന.
പരാതി ഇങ്ങനെ: അമിത് ഷായുടെ പ്രസ്‌താവന പ്രകോപനപരവും ശത്രുതയും വിദ്വേഷവും പരത്തുന്നതാണെന്നും ആരോപിച്ചാണ് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് എന്നിവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രചാരണ വേളയിൽ വർഗീയ കലാപത്തിന് ആഹ്വാനം നടത്തിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സുര്‍ജേവാല പ്രതികരിച്ചു.
ഇത് വ്യക്തമായ ഭീഷണി: വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഭീഷണി പ്രസ്‌താവന നടത്തിയതിലൂടെ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. നമ്മുടെ സംസ്ഥാന സമാധാനത്തിന്‍റെ ഉദ്യാനമാണ്. അദ്ദേഹമാവട്ടെ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിയും. അമിത് ഷായ്‌ക്കെതിരെ നടപടിയുണ്ടാവണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അമിത് ഷായെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം, ചാമരാജനഗറില്‍ മത്സരിക്കരുതെന്ന് ജെഡിഎസ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും പണം നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന് ബിജെപി നേതാവ് വി സോമണ്ണയ്‌ക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി. അതേസമയം രാഷ്‌ട്രീയ ലോകം ഏറെ ഗൗരവത്തോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 10നും വോട്ടെണ്ണല്‍ മെയ് 13നുമാണ് നടക്കുന്നത്.
ശ്രദ്ധേയം ബെലഗാവി: സംസ്ഥാനം തെരഞ്ഞടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാവുന്നത് ബെലഗാവി ജില്ല തന്നെയാണ്. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ല എന്നതിലുപരി മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം കൊണ്ടാണ് ബെലഗാവി ശ്രദ്ധേയമാവുന്നത്. സിറ്റിങ് എംഎല്‍എമാരായ ലക്ഷ്‌മി ഹെബ്ബാൾക്കർ, അഞ്ജലി നിംബാൽക്കർ എന്നിവര്‍ക്കൊപ്പം കോൺഗ്രസിൽ നിന്നുള്ള പ്രഭാവതി മസ്‌തമർദി, ബിജെപിയിൽ നിന്നുള്ള ശശികല ജോലെ, അന്തരിച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ ആനന്ദ് മാമണിയുടെ ഭാര്യ രത്‌ന മാമണി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് സഭയിലേക്കുള്ള എന്‍ട്രി കാത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം ജനതാദള്‍ സെക്കുലറില്‍ നിന്നുള്ള അശ്വിനി സിംഹയ്യ പൂജേരയും ബെലഗാവിയില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.
കന്നട രാഷ്‌ട്രീയ മണ്ണില്‍ തോല്‍വികള്‍ ചവിട്ടുപടികളാക്കി ഉയര്‍ന്നുവന്ന നേതാവാണ് കോൺഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ലക്ഷ്‌മി ഹെബ്ബാൾക്കർ. 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ലക്ഷ്‌മിക്ക് പരാജയമായിരുന്നു ഫലം. തുടര്‍ന്ന് 2014 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പയറ്റിയെങ്കിലും ലക്ഷ്‌മി ഹെബ്ബാൾക്കറോട് വിജയം അകന്നുനിന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തെ പരിഗണിക്കാതെ 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെലഗാവി റൂറലില്‍ നിന്ന് തന്‍റെ മൂന്നാം അങ്കത്തിനിറങ്ങിയ ലക്ഷ്‌മി ഹെബ്ബാൾക്കർ വിജയിച്ചുകയറുകയായിരുന്നു. അതേസമയം 18 മണ്ഡലങ്ങളുള്ള ബെലഗാവിയില്‍ നിന്ന് ആറ് വനിത സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇവര്‍ ആറ് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്.