റായ്‌പൂർ: ഛത്തീസ്‌ഗഡിൽ മാസം തികയാതെ ജനിച്ച നവജാതശിശുവിന് കങ്കാരു മദർ കെയർ ട്രീറ്റ്‌മെന്‍റിലൂടെ ജീവിത്തിലേയ്‌ക്ക് തിരിച്ചുവരവ്. ദന്തേവാഡ പ്രദേശത്തുള്ള ജില്ല ആശുപത്രിയിലെ സ്‌പെഷ്യൽ നിയോ നേറ്റൽ കെയർ യൂണിറ്റിൽ (എസ്‌എൻസിയു) ചികിത്സയിലായിരുന്ന നവജാത ശിശുവാണ് സുഖം പ്രാപിക്കുന്നത്. മുലയൂട്ടുന്ന സമയത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള ചർമ ബന്ധം നിലനിർത്തികൊണ്ടുള്ള തെറാപ്പിയാണ് കങ്കാരു മദർ കെയർ ട്രീറ്റ്‌മെന്‍റ്. ജനിച്ച് 70 ദിവസത്തിവുള്ളിലാണ് കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയത്.
2022 ഒക്‌ടോബർ 31ന് ദന്തേവാഡ ജില്ല ആശുപത്രിയിൽ സാന്‍റോ എന്ന സ്‌ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‌കുകയായിരുന്നു. എന്നാൽ മാസം തികയാതെ പ്രസവിച്ചതിനാൽ രണ്ടു കുഞ്ഞുങ്ങൾക്കും ഭാരം കുറവായിരുന്നു. 930 ഗ്രാം ഭാരമുള്ള ആദ്യത്തെ കുട്ടി ജനിച്ചയുടൻ മരിച്ചു. അതേസമയം 1085 ഗ്രാം മാത്രം ഭാരമുള്ള രണ്ടാമത്തെ നവജാതശിശു രക്ഷപ്പെട്ടെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു.
ബലഹീനതയുള്ള കുഞ്ഞിന് ശ്വസന പ്രശ്‌നം കൂടാതെ മുലയൂട്ടുന്നതിലും പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചു. ആരോഗ്യനില കണക്കിലെടുത്ത് കുഞ്ഞിനെ ഉടൻ തന്നെ നിയോ നേറ്റൽ കെയർ യൂണിറ്റിലേയ്‌ക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ജഗദ്‌പൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നവംബർ 24ന് തിരിച്ച് ദന്തേവാഡ ജില്ല ആശുപത്രിയിലെത്തിച്ചു.
ദിവസവും 10 മുതൽ 14 മണിക്കൂർ വരെയാണ് കുഞ്ഞിന് കങ്കാരു മദർ കെയർ തെറാപ്പി നൽകിയിരുന്നത്. അമ്മ കുഞ്ഞിനെ മണിക്കൂറുകളോളം നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടുള്ള ഈ തെറാപ്പിയിൽ അമ്മയുമായുള്ള കുഞ്ഞിന്‍റെ ശാരീരിക ബന്ധമാണ് കുഞ്ഞിനെ വീണ്ടെടുക്കാൻ സഹായിച്ചത്.