ചെന്നൈ: നടന്‍ കമല്‍ഹാസന്‍റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി പാര്‍ട്ടി ലയിക്കുന്നുവെന്ന ഔദ്യോഗിക വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരവും പുറത്തുവരുന്നത്. കൂടാതെ, മക്കള്‍ നീതി മയ്യം, കോണ്‍ഗ്രസുമായി ലയിക്കുന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നിരസിച്ചു.
'ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ മക്കള്‍ നീതി മയ്യത്തിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു. ജനാധിപത്യ ശക്തികളെ തകര്‍ക്കുന്നതില്‍ പ്രാവീണ്യമുള്ളവരുടെ പ്രവര്‍ത്തികളെ ഞങ്ങള്‍ ധൈര്യപൂര്‍വം എതിര്‍ക്കുമെന്ന്' എംഎന്‍എം ട്വിറ്ററില്‍ കുറിച്ചു. 2024 ലോകസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പാര്‍ട്ടി, കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ച വിവരം എംഎന്‍എം തന്നെ നേരത്തെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു.
ഇന്ത്യയ്‌ക്ക് നിര്‍ണായക വര്‍ഷം: '2023 തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്. കാരണം, ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കാനുള്ള പോരാട്ടമായ 2024 ലോകസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ഈ വര്‍ഷത്തിലാണ്. ഭാരത് ജോഡോ യാത്രയില്‍ കമല്‍ ഹാസന്‍ പങ്കെടുത്തുകൊണ്ടാണ് ഈ വര്‍ഷം തുടക്കം കുറിച്ചത്'.
'രണ്ട് പ്രഗത്ഭരായ നേതാക്കള്‍ ചേര്‍ന്ന് ബുദ്ധപരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടത് യൂട്യൂബില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയെ രക്ഷിക്കുവാനുള്ള രാഹുല്‍ ഗാന്ധിയുടെ സമര്‍പ്പണത്തിലും ധാരണാശക്തിയിലും കമല്‍ ഹാസല്‍ പ്രചോദനം ഉള്‍കൊണ്ടു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തിരികെയെത്തിയ കമല്‍ഹാസന്‍ അടുത്ത നീക്കങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ്'- മക്കള്‍ നീതി മയ്യത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
'മക്കള്‍ നീതി മയ്യത്തിനുള്ളില്‍ തന്നെ നടത്തിയ ചര്‍ച്ചകളുടെയും ആലോചനകളുടെയും അടിസ്ഥാനത്തില്‍ ഹാസന്‍ മാത്രമല്ല, ഇന്ത്യയെ രക്ഷിക്കാന്‍ പാര്‍ട്ടിയാകെ രാഹുല്‍ ഗാന്ധിയോടൊപ്പം ചേരുവാന്‍ തീരുമാനമായി. റിപ്പബ്ലിക് ദിനം ആചരിച്ചതിന്‍റെ അടുത്ത ദിവസം തന്നെ ഞങ്ങള്‍ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. മക്കള്‍ നീതി മയ്യം അഖിലേന്ത്യ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചതായി പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു'. പാര്‍ട്ടി കുറിച്ചു.
മരണത്തില്‍ നിന്ന് ഗാന്ധിജിയെ തിരികെയെത്തിക്കും: 'ഹിന്ദുത്വ മതവൈരാഗികള്‍ മഹാത്മ ഗാന്ധിജിയെ കൊലപ്പെടുത്തിയ ദിനമായ 2023 ജനുവരി 30ന് രാഹുല്‍ ഗാന്ധിയുടെയും കമല്‍ ഹാസന്‍റെയും നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ വച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയോട് എംഎന്‍എം ലയിക്കും'. ജനുവരി 30ന് ഹിന്ദുത്വ അജണ്ഡകള്‍ക്കെതിരെ പോരാടാന്‍ മഹാത്‌മ ഗാന്ധിയെ മരണത്തില്‍ നിന്നും ഞങ്ങള്‍ തിരികെയെത്തിക്കും.
'ഭാരതീയ ജനത പാര്‍ട്ടിയോട് പൊരുതുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി മക്കള്‍ നീതി മയ്യത്തിനൊപ്പം മറ്റ് പാര്‍ട്ടികളും കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് കരുതുന്നു. പല വിധത്തിലുള്ള പ്രത്യയശാസ്‌ത്രങ്ങളുള്ള ഭാരതീയ ജനത പാര്‍ട്ടിയുടെ ഘടക കക്ഷികള്‍ ഇന്ദിരാഗാന്ധിയോട് പൊരുതിയിരുന്നുവെങ്കില്‍ ഏകദേശം ഒരേ പ്രത്യയശാസ്‌ത്രങ്ങളുള്ള പാര്‍ട്ടികള്‍ ബിജെപിയെ എതിര്‍ക്കാന്‍ എന്തുകൊണ്ട് ഒത്തൊരിമിച്ച് കൂടാ? എന്ന മക്കള്‍ നീതി മയ്യത്തിന്‍റെ തീരുമാനത്തെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്‌തു'. പാര്‍ട്ടി പ്രസ്‌താവിച്ചു.
'രാഹുല്‍ ഗാന്ധിയെ കൊന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞപ്പോള്‍ മുതല്‍ സമാനമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് കമല്‍ ഹാസനും തീരുമാനിച്ചു. ഇന്ന് മക്കള്‍ നീതി മയ്യത്തെ, അതേ പാര്‍ട്ടി തന്നെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഇനി നാമെല്ലാവരും കോണ്‍ഗ്രസാണ്'- കമല്‍ ഹാസന്‍ പറഞ്ഞു.
കോണ്‍ഗ്രസ്-ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണച്ച് എംഎന്‍എം: ജനുവരി 25ന് നടന്ന ഈറോഡ് ബൈപ്പാസ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യകകക്ഷി സ്ഥാനാര്‍ഥിയായ ഇവികെഎസ് ഇലങ്കോവനെ പിന്തുണച്ച കമല്‍ ഹാസന്‍, കോണ്‍ഗ്രസില്‍ നിന്നും ഒരു എം പി ടിക്കറ്റ് ലഭിക്കുമെന്ന് തനിക്ക് എന്ത് കൊണ്ട് പ്രതീക്ഷിച്ചുകൂടാ എന്ന് ചോദിച്ചു. തെരഞ്ഞെടുപ്പിന്, തന്നെ പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇലങ്കോവന്‍ ആള്‍വാര്‍പേട്ടിലുള്ള ഓഫീസിലെത്തി കമല്‍ ഹാസനുമായി കൂടിക്കാഴ്‌ച നടത്തിയതും ശ്രദ്ധേയമാണ്.
മാത്രമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുവാനുള്ള തീരുമാനം തന്‍റെ അണികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ കമല്‍ ഹാസന്‍ പങ്കെടുത്തിരുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.