ഭോപ്പാൽ : മധ്യപ്രദേശിൽ വനിത ബിജെപി അംഗത്തെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടത് തന്‍റെ ഭാര്യയാണെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിൽ പിടിയിലായയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഓഗസ്‌റ്റ് 12 നാണ് നാഗ്‌പൂർ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജബൽപൂർ സ്വദേശിയായ അമിത് സാഹു എന്ന പപ്പു (37)വിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
സന ഖാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ അമിത് തന്‍റെ വീട്ടിൽ വെച്ച് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹിരൺ നദിയിൽ തള്ളുകയായിരുന്നെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൊലപാതക കുറ്റത്തിന് ജബൽപൂരിലെ ഗോരബസാർ പ്രദേശത്ത് നിന്നാണ് അമിതിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല്ലപ്പെട്ട യുവതി തന്‍റെ ഭാര്യയാണെന്നും പണവും വ്യക്തിപരമായ കാരണവുമാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ വെളിപ്പെടുത്തിയത്. കൊലപാതകം നടത്തിയതിന് സഹായിയായ വ്യക്തിയുടെ പേരും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
അമിത് സാഹു പ്രദേശത്ത് ധാബ(ഭക്ഷണശാല) നടത്തുകയാണ്. നാഗ്‌പൂരിൽ ഓഗസ്‌റ്റ് ഒന്നിനാണ് യുവതിയെ കാണാതായതായി അവരുടെ അമ്മ പരാതി നൽകുകയും സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തത്. തുടർന്ന് ഓഗസ്‌റ്റ് നാലിന് നാഗ്‌പൂർ പൊലീസ് യുവതിയെ അന്വേഷിച്ച് ജബൽപൂരിലെത്തുകയായിരുന്നു. യുവതി അവസാനമായി ഉണ്ടായിരുന്ന സ്ഥലം കണ്ടെത്തിയാണ് ഉദ്യോഗസ്ഥർ ജബൽപൂരിലെത്തിയത്.
തുടർന്ന് ജബൽപൂർ പൊലീസും നാഗ്‌പൂർ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അമിതിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി സാഹു കുറ്റം സമ്മതിച്ചതായും കൊലപാതക സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തതായും നാഗ്‌പൂർ പൊലീസ് അറിയിച്ചു.
യുവതിയെ കൊലപ്പെടുത്തി പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ : ഇന്നലെ(ഓഗസ്‌റ്റ് 11) കർണാടകയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നില്‍ ഉപേക്ഷിച്ചതിന് അയല്‍വാസിയെ പൊലീസ് പിടികൂടിയിരുന്നു. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ് സെടിനെയാണ് കൊലപാതക കുറ്റത്തിന് പൊലീസ് പിടികൂടിയത്. കര്‍ണാടക കലബുര്‍ഗി സ്വദേശിയായ 21കാരിയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് ഓഗസ്റ്റ് 10 ന് ഇവരെ കാണാനില്ലെന്ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പിറ്റേന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ വീടിന് മുന്നില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.