വാഷിങ്ടണ്‍: നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വികസിപ്പിച്ച് സെപ്‌റ്റംബറില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയില്‍ എത്തും. കരഭാഗത്തെയും ഹിമ പ്രതലങ്ങളെയും കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വികസിപ്പിച്ചതാണ് നാസ ഐഎസ്‌ആര്‍ഒ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ (NISAR) നിസാര്‍ ഉപഗ്രഹം. ഇന്ത്യയിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് ഉപഗ്രഹത്തിന്‍റെ അന്തിമ വൈദ്യുത പരിശോധനക്കായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വെള്ളിയാഴ്‌ച കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) സന്ദർശിച്ചു.
മഞ്ഞുപാളിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കും: കരയേയും മഞ്ഞുപാളികളെയും മുമ്പത്തേക്കാള്‍ വിശദമായി പഠിക്കാന്‍ ഉപഗ്രഹം സഹായിക്കുമെന്ന് ജെപിഎല്ലില്‍ ഉപഗ്രഹത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷം എസ് സോമനാഥ് പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ഉപഗ്രഹങ്ങളിൽ ഒന്നാണിത്. ജെപിഎൽ നിർമിച്ച സാറ്റലൈറ്റ് ഘടകങ്ങൾ മികച്ചതാണ്, സോമനാഥ് പറഞ്ഞു.
ഭൂമിയേയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയേയും കാര്യമായി മനസിലാക്കുന്നതിനായി നാസയും ഐഎസ്‌ആര്‍ഒയും ഒന്നിച്ചു നടത്തുന്ന ഭൗമ നിരീക്ഷണ ദൗത്യം ഒരു നാഴികകല്ലാണെന്ന് ജെപിഎല്‍ ഡയറക്‌ടര്‍ ലോറി ലെഷിന്‍ പറഞ്ഞു. ഭൂമിയുടെ പുറമെയുള്ള ഭാഗം, മഞ്ഞുപാളികള്‍, പരിസ്ഥിതി വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നിസാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നാസയുടെയും ഐഎസ്ആർഒയുടെയും നിസാർ പ്രോജക്‌ട് മേധാവികളായ ഫിൽ ബറേല, സി വി ശ്രീകാന്ത് എന്നിവർ ഉപഗ്രഹത്തിന്‍റെ സ്കെയിൽ മോഡലിന് മുന്നിൽ ആചാരപരമായി തേങ്ങ പൊട്ടിച്ചാണ് ജെപിഎല്ലിലെ പരിപാടി അടയാളപ്പെടുത്തിയത്. ഉപഗ്രഹ വിക്ഷേപണ വേളയിൽ കഴിക്കാനുള്ള ജെപിഎൽ ലക്കി നിലക്കടലയുടെ ഒരു ഭരണിയും ജെപിഎൽ ഡയറക്‌ടർ ഐഎസ്ആർഒ പ്രതിനിധി സംഘത്തിന് സമ്മാനിച്ചു.
ഈ മാസം അവസാനത്തോടെ ഉപഗ്രഹം ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിലേക്ക് മാറ്റും. 2800 കിലോഗ്രാം ഭാരമുള്ള പ്രസ്‌തുത സാറ്റലൈറ്റിന്‍റെ നിര്‍മാണത്തിനായി 2014 ലാണ് നാസയും ഐഎസ്‌ആര്‍ഒയും കൈകോര്‍ത്തത്. 2021 മാര്‍ച്ചില്‍ ജെപിഎല്‍ വികസിപ്പിച്ച എല്‍-ബാന്‍ഡ് പേലോഡുമായി സംയോജിപ്പിക്കുന്നതിനായി ഇന്ത്യയില്‍ വികസിപ്പിച്ച എസ്-ബാന്‍ഡ് എസ്‌എആര്‍ പേലോഡ് ഐഎസ്‌ആര്‍ഒ നാസയ്‌ക്ക് കൈമാറി.
പ്രവര്‍ത്തനം ഇങ്ങനെ: ഏകദേശം 12 മീറ്റർ വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്‌ടർ ആന്‍റിന ഉപയോഗിച്ച് നിസാർ റഡാർ ഡാറ്റ ശേഖരിക്കും. ഇത് ഇന്‍റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ അല്ലെങ്കിൽ ഇൻസാർ എന്ന സിഗ്നൽ-പ്രോസസിങ് ടെക്‌നിക് ഉപയോഗിച്ച് ഭൂമിയുടെ കരയിലും ഹിമ പ്രതലത്തിലും ഒരു ഇഞ്ചിന്‍റെ അംശങ്ങൾ വരെയുള്ള മാറ്റങ്ങൾ നിരീക്ഷിക്കും. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയ്ക്ക് മുമ്പ് ഭൂപ്രതലത്തില്‍ ഉണ്ടാകുന്ന സാവധാനത്തിലുള്ള വ്യതിയാനങ്ങൾ കണ്ടെത്താൻ ഈ ഉപഗ്രഹം ഗവേഷകരെ സഹായിക്കും.
ജോഷിമഠ് ഭൂമി തകർച്ച പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിതമാകാന്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ സഹായിക്കും. കടൽ മഞ്ഞും മഞ്ഞുപാളികളും ഉരുകുന്നതിന്‍റെ അളവുകൾ സമുദ്രനിരപ്പ് ഉയരുന്നതുൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനത്തിന്‍റെ വേഗതയെയും ആഘാതങ്ങളെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തും. മൂന്ന് വർഷത്തെ പ്രൈം മിഷന്‍ കാലയളവിൽ ഉപഗ്രഹം എല്ലാ 12 ദിവസങ്ങളിലും ഏതാണ്ട് ഭൂമിയെ മുഴുവനായും നിരീക്ഷിക്കും. എല്ലാ കാലാവസ്ഥയിലും രാവും പകലും ഉപഗ്രഹം നിരീക്ഷണങ്ങൾ നടത്തും.