ശ്രീനഗര്‍: മൂന്ന് ദിവത്തെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ ജമ്മുകശ്‌മീരിലെത്തി. കനത്ത സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ ഇന്‍റര്‍നെറ്റ് സേവനം താത്‌കാലികമായി വിച്ഛേദിച്ചു. ഇന്ന്(ഒക്‌ടോബര്‍ 4) രാത്രി ഏഴ് മണി വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് എഡിജിപി മുകേഷ് സിങ് അറിയിച്ചു.
മൂന്ന് ദിവസത്തേക്ക് ജമ്മു കശ്‌മീരിലെത്തിയ ഷാ രജൗരിയിലും ബാരാമുള്ളയിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്യും. കൂടാതെ ശ്രീനഗറിൽ ഒരു ഉന്നതതല സുരക്ഷ യോഗത്തിലും അദ്ദേഹം അധ്യക്ഷനാകും. മഹാനവമി ദിനത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ റിയാസി ജില്ലയിലെ ത്രികൂട ഹിൽസിലെ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ അദ്ദേഹം പ്രത്യേക പൂജ നടത്തി.
തുടര്‍ന്ന് പങ്കെടുക്കുന്ന റാലിക്കിടെ രജൗരിയിലെ മലയോര ജനതയ്ക്ക് ആഭ്യന്തര മന്ത്രി പട്ടികവർഗ പദവി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ശേഷം ജില്ലയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അമിത് ഷായുടെ ജമ്മു സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹൈവേകളിലും പ്രമുഖ സ്ഥലങ്ങളിലും രാത്രികാല പട്രോളിങും ചെക്കിങ്ങുകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ശ്രീനഗര്‍, ഡ്രോണ്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.