ന്യൂഡല്‍ഹി : പറക്കലിനിടെ വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് (അടിയന്തര വാതില്‍) തുറക്കാന്‍ ശ്രമിച്ചതിന് യാത്രക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ്. ജനുവരി 24 ന് നാഗ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് പറന്ന ഇന്‍ഡിഗോ 6E 5274 വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ആവശ്യമില്ലാതെ വലിച്ചുതുറക്കാന്‍ ശ്രമിച്ചതിനാണ് നടപടി. വിമാനം ലാന്‍ഡിങ്ങിനായി അടുക്കവെയായിരുന്നു സംഭവം.
സുരക്ഷയുണ്ട്, പക്ഷേ : ലാന്‍ഡിങ് സമയത്ത് വിമാനത്തില്‍ സുരക്ഷാവീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്തിന്‍റെ സുരക്ഷയില്‍ കമ്പനി വിട്ടുവീഴ്‌ച ചെയ്യാറില്ല. എന്നാല്‍ യാത്രക്കാരന്‍റെ ഈ പ്രവര്‍ത്തി വിമാന ജീവനക്കാർ ക്യാപ്റ്റനെ അറിയിക്കുകയും അദ്ദേഹത്തിന് ഉചിതമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കമ്പനി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
'ആവര്‍ത്തനങ്ങള്‍' പറയുന്നതെന്ത് : സമാനമായ പല പ്രശ്‌നങ്ങളാല്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോവുന്ന വിമാനത്തില്‍ വച്ച് എയര്‍ ഹോസ്‌റ്റസ് പീഡനത്തിനിരയായതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഈ സംഭവത്തിലും യാത്രക്കാരനായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ഇന്‍ഡിഗോയുടെ വിമാനത്തില്‍ യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് മറ്റ് യാത്രക്കാര്‍ക്കിടയില്‍ ഭയം വിതച്ചതും കമ്പനിയുടെ സേവനത്തിനിടയിലെ കല്ലുകടിയായി മാറിയിരുന്നു. ഈ സംഭവത്തില്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡിസംബര്‍ 10 ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോയുടെ 6E-7339 വിമാനത്തിലാണ് യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നത്. തുടര്‍ന്ന് സുരക്ഷാപരിശോധനകള്‍ക്ക് ശേഷമാണ് വിമാനം പറന്നുയര്‍ന്നതെങ്കിലും യാത്രക്കാര്‍ അന്ന് ഏറെ ഭയവിഹ്വലരായിരുന്നു.